പൂച്ചവിമാനം ഇനി ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിൽ
കൊച്ചി ബിനാലെ ഫൗണ്ടേഷൻ, എബിസി ആർട്ട് റൂം പ്രോഗ്രാമിൻ്റെ വേദികളിലൊന്നായ ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിൽ പൂച്ചവിമാനം / The Cat Flight എന്ന ശിൽപം സ്‌ഥാപിച്ചു
കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ, എബിസി ആർട്ട് റൂം പ്രോഗ്രാമിൻ്റെ വേദികളിലൊന്നായ ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിൽ പൂച്ചവിമാനം / The Cat Flight എന്ന ശിൽപം സ്‌ഥാപിച്ചു. കൊച്ചി-മുസിരിസ് ബിനാലെ 2025-26-ൻ്റെ ഭാഗമായി 'എബിസി ആർട്ട്‌റൂം' സംഘടിപ്പിച്ച പൊതു ശിൽപശാലയിലാണ്, ടെക്സ്റ്റൈൽ ആർട്ടിസ്റ്റ് റാഷി ആർട് റൂം ടീമിന്റെ സഹായത്തോട് കൂടി ഫെസിലിറ്റേറ്റ് ചെയ്ത് ഈ വലിയ മൃദുശിൽപം (soft sculpture) നിർമ്മിച്ചത്.
തിരക്കുപിടിച്ച ജീവിതത്തിലെ ഓട്ടത്തിനിടയിൽ ഒന്ന് നീണ്ടുനിവർന്ന് അൽപനേരം വിശ്രമിക്കുന്നതിനെയും ഭാരമില്ലാത്ത, വർണാഭമായ നിമിഷങ്ങളെയും ഈ പൊതു കലാസൃഷ്ടി ഓർമ്മിപ്പിക്കുന്നു. ഒപ്പം കൂട്ടായ പരിശ്രമത്തിന്റെ കരുത്തിനെയും ഇത് അടയാളപ്പെടുത്തുന്നു.
ശിൽപത്തിൻ്റെ ഉൾഭാഗത്തുള്ള ലോഹഘടന വെൽഡ് ചെയ്ത് തയ്യാറാക്കിയത് കലാകാരന്മാരായ അർജുൻ എസ്. ശശികുമാറും ഗോവിന്ദ് രാജാമണിയുമാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് പൂച്ചയുടെ പുറംഭാഗം നിർമ്മിച്ചിരിക്കുന്നത്; ശിൽപശാല നടന്ന മൂന്ന് ദിവസങ്ങളിലായി എബിസി സന്ദർശിച്ചവരാണ് ഈ വസ്ത്രങ്ങൾ ഘടനയിൽ പതിപ്പിച്ചത്.
പൊതു കലയെ പങ്കിട്ട സാമൂഹികവും സർഗാത്മകവുമായ അനുഭവമായി കാണുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രതിബദ്ധതയെ പൂച്ചവിമാനം / The Cat Flight പ്രതിഫലിപ്പിക്കുന്നു. ബിനാലെ കാലത്ത് ആർട്ട് റൂമിന്റെ മേൽക്കൂരയിലാണ് ഈ ശിൽപം ആദ്യം സ്ഥാപിച്ചിരുന്നത്. ഇപ്പോൾ ഇത് വാട്ടർ മെട്രോ സ്റ്റേഷനിലേക്ക് മാറ്റിയതോടെ, ദൈനംദിന നഗരജീവിതത്തിൻ്റെ ഭാഗമായ ഒരു പൊതുഗതാഗത ഇടത്തിൽ ജനങ്ങളുമായുള്ള കണ്ടുമുട്ടലിനും പങ്കാളിത്തത്തിനും ഇടപെടലുകൾക്കും തുടർച്ചയായി അവസരം സൃഷ്ടിക്കുന്നു.
ഇന്ത്യയിൽ കല, സംസ്കാരം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ ലാഭേച്ഛയില്ലാത്ത ചാരിറ്റബിൾ ട്രസ്റ്റായ കൊച്ചി ബിനാലെ ഫൗണ്ടേഷൻ്റെ (KBF) പ്രധാന സംരംഭമാണ് എബിസി (ആർട് ബൈ ചിൽഡ്രൻ) പ്രോഗ്രാം. ഗവേഷണാധിഷ്ഠിത കലാവിദ്യാഭ്യാസ പദ്ധതിയായി വിഭാവനം ചെയ്ത എബിസി, കുട്ടികൾ, മുതിർന്നവർ, കൂട്ടായ്മകൾ, വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ എന്നിവരുമായി സർഗാത്മക പഠനപ്രക്രിയകളിലൂടെ ഇടപഴകുകയും സംവദിക്കുകയും ചെയ്യുന്നു. പങ്കാളികളെ കലാകാരന്മാരാക്കി മാറ്റുക എന്നതിനു പകരം, കലയും ഭാവനയും സഹകരണവും തഴച്ചുവളരാൻ കഴിയുന്ന ഇടങ്ങൾ പരിപോഷിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. എബിസി ആർട്ട് റൂം പദ്ധതിക്ക് പ്രോഗ്രാം ലീഡായി ബ്ലെയ്‌സ് ജോസഫും പ്രോഗ്രാം അസോസിയേറ്റായി നീതു കെ.എസും നേതൃത്വം നൽകുന്നു.
മത്സരരഹിതവും വിധിനിർണ്ണയരഹിതവും നിർഭയവുമായ സർഗ്ഗാത്മക കൈമാറ്റത്തിനുള്ള ഇടമായി പ്രവർത്തിക്കുന്ന എബിസി ആർട്ട് റൂമാണ് ഈ പദ്ധതിയുടെ കാതൽ. ബിനാലെ കാലയളവിൽ, എബിസി ആർട്ട് റൂം പദ്ധതിക്കായി കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ഉദാരമായി സ്ഥലം നൽകി, ഇതിലൂടെ പൊതുശിൽപശാലകൾ, പഠനസെഷനുകൾ, കുട്ടികളുടെ ആർട്ട് ഗാലറി എന്നിവ സ്ഥിരമായി സംഘടിപ്പിക്കാൻ പദ്ധതിക്ക് സാധിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകളിലും എബിസി ആർട്ട് റൂമുകൾ നടത്തപ്പെടുന്നുണ്ട്.
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന്റെ ഉദാരമായ പിന്തുണയ്ക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷൻ നന്ദി അറിയിക്കുന്നു. ഇൻസ്റ്റലേഷൻ പ്രക്രിയയിൽ പങ്കാളികളായ ജോൺസൺ, വസന്ത്, മണി, തവം, രാജേഷ്, കുമാർ തുടങ്ങിയ തൊഴിലാളികൾക്കും, ശിൽപശാലയിലും ഇൻസ്റ്റലേഷൻ പ്രക്രിയയിലുടനീളവും വിലപ്പെട്ട സഹായം നൽകിയ സുഹൃത്തുക്കളും എബിസി ആർട്ട് റൂം വോളന്റിയർമാരുമായ ഫയാസ്, നിതിൻ, ഗൗരി, വിനിത, അനുപ്രിയ, വൈശാഖ്, അർഷാദ് കെ.ടി., സുലൈമാൻ എന്നിവർക്കും ഫൗണ്ടേഷൻ നന്ദി രേഖപ്പെടുത്തുന്നു.