പൊന്നുരുന്നിയിൽ വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെപോയി പതിനേഴുകാരൻ ; കാറിന് പൂട്ടിട്ട് പൊലീസ് ; പൂട്ട് പൊളിച്ച പ്രതിയും അറസ്റ്റിൽ

പൊന്നുരുന്നിയിൽ പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെപോയി പതിനേഴുകാരൻ. തുടർന്നുള്ള അന്വേഷണത്തിലൂടെ കാർ പാർക്ക് ചെയ്തതായി കണ്ടെത്തിയ പൊലീസ് ഇത് പ്രത്യേക ലോക്കിട്ട് പൂട്ടി.

 

 കൊച്ചി : പൊന്നുരുന്നിയിൽ പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ കാർ നിർത്താതെപോയി പതിനേഴുകാരൻ. തുടർന്നുള്ള അന്വേഷണത്തിലൂടെ കാർ പാർക്ക് ചെയ്തതായി കണ്ടെത്തിയ പൊലീസ് ഇത് പ്രത്യേക ലോക്കിട്ട് പൂട്ടി. എന്നാൽ അടുത്ത ദിവസം ഈ പൂട്ട് തകർത്തതിന് പൊന്നുരുന്നി സ്വദേശി ദീപക് എം നായരെ(24) പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൗമാരക്കാരനോടിച്ച വാഹനത്തിൻ്റെ ആർസി ഉടമയ്ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കടവന്ത്ര എസ്ഐ അതുൽ രാജിൻ്റെ നേതൃത്വത്തിൽ പൊന്നുരുക്കി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ ഈ കാർ പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിന് സമീപം പാർക്ക് ചെയ്ത രീതിയിൽ കണ്ടെത്തി. തുടർനടപടികൾക്കായി പൊലീസ് ലോക്കിങ് സംവിധാനം ഉപയോഗിച്ച് കാറിന് പൂട്ടിട്ടു. എന്നാൽ, പിറ്റേന്ന് രാവിലെ പൊലീസെത്തിയപ്പോൾ ഈ പൂട്ട് തകർത്ത നിലയിലായിരുന്നു.

തുടർന്ന് ആർസി ഉടമയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് കേസിൻ്റെ ചുരുളഴിഞ്ഞത്. വിദേശത്തുള്ള ആർസി ഉടമയുടെ സഹോദരിയുടെ 17 വയസ്സുള്ള മകനാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ തങ്ങളറിയാതെയാണ് 17 കാരൻ വാഹനമെടുത്തതെന്നാണ് വീട്ടുകാർ പറയുന്നത്.

പൊലീസ് വാഹനം ലോക്ക് ചെയ്ത് മടങ്ങിയ ശേഷം കൗമാരക്കാരൻ വീണ്ടും കാറിനടുത്തെത്തുകയായിരുന്നു. ഈ സമയം അവിടെയെത്തിയ ദീപക് പൂട്ട് പൊളിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും കൗമാരക്കാരൻ അത് നിരസിച്ചു. കൗമാരക്കാരൻ മടങ്ങിയ ശേഷം ദീപക് ലോക്ക് തകർത്തുവെന്നാണ് പോലീസിൻ്റെ കണ്ടത്തൽ. കടവന്ത്ര സ്റ്റേഷനിലെത്തിയ പതിനേഴുകാരനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെ പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വിദേശത്തുള്ള ആർസി ഉടമയ്ക്കെതിരേ കേസെടുത്ത പോലീസ്, ഇയാളുടെ മൊഴിയെടുക്കാനുള്ള തുടർ നടപടികൾ തുടങ്ങി.