കേരളത്തിലും പൊങ്കല്‍ അവധി: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ജനുവരി 15 ന് പ്രാദേശിക അവധി
തമിഴ് ജനതയുടെ വിളവെടുപ്പ് ആഘോഷമായ തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലും പ്രാദേശിക അവധി . സംസ്ഥാനത്തെ 6 ജില്ലകളില്‍ ജനുവരി 15 വ്യാഴാഴ്ച ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തമിഴ് ജനതയുടെ വിളവെടുപ്പ് ആഘോഷമായ തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലും പ്രാദേശിക അവധി . സംസ്ഥാനത്തെ 6 ജില്ലകളില്‍ ജനുവരി 15 വ്യാഴാഴ്ച ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാടിന് പുറമെ തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്‍റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കുന്നു.
കേരളത്തിൽ, പ്രത്യേകിച്ച് പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ തമിഴ് സ്വാധീനമുള്ള പ്രദേശങ്ങളിലും തൈപ്പൊങ്കൽ വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കാറുണ്ട്. പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു കഴിഞ്ഞ വർഷം അവധി പ്രഖ്യാപിച്ചിരുന്നത്. ഇത്തവണയും ഇതേ ജില്ലകളിലാണ് പ്രാദേശിക അവധി. സർക്കാർ ഒഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് അവധി ബാധകമാകുക.
തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ. തമിഴ് കലണ്ടറിലെ തൈ മാസത്തിന്റെ ആദ്യ ദിവസമാണ് തൈപ്പൊങ്കല്‍ ആഘോഷിക്കുന്നത്. ഉത്സവം സൂര്യദേവനോടും പ്രകൃതിയോടും കൃഷിയോടും ജീവജാലങ്ങളോടും ഉള്ള നന്ദി പ്രകടിപ്പിക്കല്‍ കൂടിയായി പൊങ്കല്‍ ആഘോഷം മാറുന്നു. "പൊങ്കൽ" എന്ന വാക്കിന്റെ അർത്ഥം തന്നെ "തിളച്ചു പൊങ്ങുക" അല്ലെങ്കിൽ "കവിഞ്ഞൊഴുകുക" എന്നാണ്. പുതിയ നെല്ലും പാലും വെല്ലവും ചേർത്ത് തിളപ്പിച്ചുണ്ടാക്കുന്ന മധുരപ്പൊങ്കൽ തിളച്ചു പൊങ്ങുമ്പോൾ അത് സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റെയും പ്രതീകമായി കാണുന്നു.
പൊങ്കല്‍ പ്രധാനമായും നാല് ദിവസങ്ങളിലായിട്ടാണ് ആഘോഷിക്കുന്നത്. ആദ്യ ദിവസം ബോഗി പൊങ്കലാണ്. പഴയ വസ്തുക്കളും അഴുക്കും കത്തിച്ചു നശിപ്പിച്ച് പുതിയ തുടക്കത്തിന്റെ പ്രതീകമാക്കുന്നു. രണ്ടാം ദിവസം തൈപ്പൊങ്കൽ അല്ലെങ്കിൽ സൂര്യ പൊങ്കൽ ആണ്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ദിവസം. സൂര്യന് നന്ദി പറഞ്ഞ് പൊങ്കൽ തിളപ്പിക്കുകയും "പൊങ്കലോ പൊങ്കൽ" എന്നു വിളിച്ച് ആഘോഷിക്കുകയും ചെയ്യുന്നു. മൂന്നാം ദിവസം മാട്ടു പൊങ്കല്‍ ആണ്. ഈ ദിവസം കാളകളെയും കാലികളെയും കുളിപ്പിച്ച് അലങ്കരിച്ച് പൂജിക്കുന്നു. അതായത് കൃഷിയില്‍ ഇവ നൽകുന്ന സഹായത്തിന് നന്ദി പറച്ചിലായി ഈ ചടങ്ങ് മാറുന്നു. നാലാം ദിവസം കുടുംബ ഒത്തുചേരലുകളും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കലും നടക്കുന്ന കാണം പൊങ്കലുമാണ് ആഘോഷിക്കുന്നത്.
പതിവുപോലെ പൊങ്കലിനോട് അനുബന്ധിച്ച നീണ്ട അവധി ദിനങ്ങളാണ് തമിഴ്നാട്ടില്‍ വരാനിരിക്കുന്നത്. ജനുവരി 15 മുതല്‍ 17 വരെയാണ് തമിഴ്നാട്ടില്‍ പൊങ്കലുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. ഈ ദിനങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധിയാണ്. ജനുവരി 15 പൊങ്കലിനും, ജനുവരി 16ന് മാട്ടു പൊങ്കൽ, തിരുവള്ളുവർ ദിനം എന്നിവയ്ക്കും, ജനുവരി 17ന് കാണം പൊങ്കൽ, ഉഴവർ ദിനം എന്നിവ പ്രമാണിച്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്നാടിന് പുറമെ തെലങ്കാനയും പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജനുവരി 10 മുതല്‍ 16 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്. ആദ്യ ഉത്തരവ് പ്രകാരം 15 വരെയായിരുന്നു അവധി. എന്നാല്‍ പിന്നീട് ഒരു ദിവസം കൂടി അവധി നീട്ടി. ഇതോടെ ജനുവരി 17 നായിരിക്കും പൊങ്കല്‍ അവധിക്ക് ശേഷം സ്കൂള്‍ തുറക്കുക.