‘ഇടതുപക്ഷത്തേക്ക് പോയ ഇവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു’ ; കോൺഗ്രസ് വിട്ട് പോയ പ്രമുഖരെ നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാത്തതിനെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം : കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ പ്രമുഖരെ നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാത്തതിനെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്. കെ.വി. തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ.സി. റോസക്കുട്ടി, ഷാജിതാ കമാൽ, ലതികാ സുഭാഷ്, കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഡോ.പി. സരിൻ, എ. രാമസ്വാമി, സതികുമാർ, റിയാസ് പഴഞ്ഞി, ബാബു ജോർജ്, ഡോ. സജി ചാക്കോ തുടങ്ങിയവരിൽ ഒരാൾ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയല്ല. കോൺഗ്രസിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇവർക്ക് പഴയ സ്മരണകൾ അയവിറക്കി കഴിയാം. ഇവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു -എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കോൺഗ്രസിൽ തനിക്ക് ജയസാധ്യതയുള്ള സീറ്റ് നൽകാൻ തയ്യാറായിരുന്നെങ്കിലും സപ്തതി കഴിഞ്ഞതിൽ മത്സരിക്കാനില്ലെന്ന പരസ്യനിലപാടാണ് മാസങ്ങൾക്കു മുമ്പേ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത്തരം ഒരു നിലപാട് തന്റെ പഴയ സുഹൃത്തുക്കളാരും സ്വീകരിച്ചതായി അറിയില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സ്വതന്ത്രരടക്കം 81 സ്ഥാനാർഥികളെ ഇന്നലെ സി.പി.എം പ്രഖ്യാപിച്ചിരുന്നു. 86 സീറ്റിൽ ജനവിധി തേടുന്ന പാർട്ടി ഇനി അഞ്ച് സ്വതന്ത്രരെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. പ്രഖ്യാപിച്ച 81 പേരുടെ പട്ടികയിൽ 56 ഉം സിറ്റിങ് എം.എൽ.എമാരാണ്. പൊളിറ്റ് ബ്യൂറോയിൽനിന്ന് പിണറായി വിജയൻ മാത്രമാണ് മത്സരരംഗത്തുള്ളത്. കെ.കെ. ശൈലജ പേരാവൂരിൽനിന്നും അഡ്വ. എ.എം. ആരിഫ് ആലുവയിൽനിന്നും ജനവിധി തേടും. 12 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കർ എ.എൻ. ഷംസീറിനും മുൻ മന്ത്രി എം.എം. മണിക്കും സീറ്റില്ല. ഷംസീറിന് പകരം തലശ്ശേരിയിൽ കരായി രാജനാണ് മത്സരിക്കുക. തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻറെ ഭാര്യ പി.കെ ശ്യാമള മത്സരിക്കും.
പാലക്കാട്ട് സ്വതന്ത്രനായിരിക്കും മത്സരിക്കുക. ഇതടക്കം പാർട്ടി സ്വതന്ത്രർ മത്സരിക്കുന്ന കൊടുവള്ളി, കോട്ടയ്ക്കൽ, കൊണ്ടോട്ടി, തിരൂർ സീറ്റുകളാണ് ഇനി അവശേഷിക്കുന്നത്. ഇവിടങ്ങളിൽ രണ്ട് ദിവസത്തിനകം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
കേരള കോൺഗ്രസുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. കോവളം സീറ്റ് സി.പി.എം ഏറ്റെടുക്കില്ല. തിരുവനന്തപുരം സീറ്റിൻറെ കാര്യത്തിൽ ആന്റണി രാജുവിന്റെ കേസിലെ വിധി വന്നശേഷം തീരുമാനമെടുക്കും. ജില്ല സെക്രട്ടേറിയറ്റുകളിൽനിന്ന് ലഭിച്ച പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പരിശോധിച്ച് വീണ്ടും ജില്ലയിലേക്കും മണ്ഡലങ്ങളിലേക്കും പരിശോധനക്കയച്ചിരുന്നു. മടങ്ങിയെത്തിയ നിർദേശങ്ങൾ വീണ്ടും സംസ്ഥാന നേതൃയോഗങ്ങൾ പരിഗണിച്ചശേഷം കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് പട്ടിക അന്തിമമാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഉൾപ്പെടുന്ന മാഹിയിലെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.