നാടിന്റെ ആവശ്യത്തിനായുള്ള ഇടപെടലിനെ വളച്ചൊടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം: വി ശിവന്‍കുട്ടി

നാടിന്റെ ആവശ്യത്തിന് വേണ്ടി ഇടപെടല്‍ നടത്തുമ്പോള്‍ അതിനെ വളച്ചൊടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

 

സമഗ്ര ശിക്ഷാ ഫണ്ട് കേരളത്തിന് ലഭിക്കുന്നതിനായി ഞാനും ജോണ്‍ ബ്രിട്ടാസും അടക്കമുള്ളവര്‍ കേന്ദ്രമന്ത്രിയുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്.

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടതിന് പിന്നില്‍ ഇടനിലക്കാരനായത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. 

സംസ്ഥാനത്തിന് അര്‍ഹമായ ഫണ്ട് ലഭിക്കുന്നതിനായാണ് എംപിയുടെ ഇടപെടലുണ്ടായതെന്നും കുട്ടികള്‍ക്ക് അവകാശപ്പെട്ട പണം നേടിയെടുക്കാനായി താനും ജോണ്‍ ബ്രിട്ടാസ് എംപിയും കേന്ദ്രമന്ത്രിയുമായി നിരന്തരം ഇടപെട്ടിട്ടുണ്ടെന്നും നാടിന്റെ ആവശ്യത്തിനായി ഇടപെടല്‍ നടത്തുമ്പോള്‍ അതിനെ വളച്ചൊടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

സംസ്ഥാനത്തിന് അര്‍ഹമായ ഫണ്ട് ലഭിക്കുന്നതിനായി ജോണ്‍ ബ്രിട്ടാസ് എം.പി ഇടപെട്ടതിനെ ചിലര്‍ വിവാദമാക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും ലഭിക്കേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കാന്‍ എം.പിമാര്‍ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നത് ബഹു.മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ കോണ്‍ഫറന്‍സിലെടുത്ത പൊതുതീരുമാനമാണ്. ആ തീരുമാനം നടപ്പിലാക്കാനുള്ള ആര്‍ജ്ജവമാണ് ജോണ്‍ ബ്രിട്ടാസ് കാണിച്ചത്. അതിനെ അഭിനന്ദിക്കുന്നു. സമഗ്ര ശിക്ഷാ ഫണ്ട് കേരളത്തിന് ലഭിക്കുന്നതിനായി ഞാനും ജോണ്‍ ബ്രിട്ടാസും അടക്കമുള്ളവര്‍ കേന്ദ്രമന്ത്രിയുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്. അത് നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട പണം നേടിയെടുക്കാനാണ്. നാടിന്റെ ആവശ്യത്തിന് വേണ്ടി ഇടപെടല്‍ നടത്തുമ്പോള്‍ അതിനെ വളച്ചൊടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.


ആര്‍.എസ്.എസിനെതിരായ പോരാട്ടത്തില്‍ എനിക്കോ ജോണ്‍ ബ്രിട്ടാസിനോ കോണ്‍ഗ്രസിന്റെയോ ലീഗിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ബി.ജെ.പിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ സ്വന്തം രാജ്യസഭാ സീറ്റ് രാജിവെച്ച് ഒഴിഞ്ഞുകൊടുത്ത നേതാവാണ് കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പാര്‍ലമെന്റില്‍ നിര്‍ണായക വോട്ടെടുപ്പ് നടക്കുമ്പോള്‍ കല്യാണത്തിന് പോയും മറ്റും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ലീഗ് എം.പിമാരും ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടതില്ല. എന്തിന്, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ നേടിയെടുക്കുകയും ചെയ്തു.

കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും ലഭിക്കേണ്ട ഉച്ചക്കഞ്ഞിയ്ക്കും പാഠപുസ്തകങ്ങള്‍ക്കുമുള്ള വിഹിതം നിഷേധിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ മിണ്ടാന്‍ തയ്യാറാകാത്ത യു.ഡി.എഫ് എം.പിമാര്‍, നാടിനു വേണ്ടി സംസാരിക്കുന്നവരെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. രണ്ട് മലയാളി കേന്ദ്ര മന്ത്രിമാര്‍ നമുക്കുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം 'ചുക്കിനും ചുണ്ണാമ്പിനും ഉപകാരമില്ലാത്തവരാണവര്‍'. വലിയ വായില്‍ സംസാരിച്ചും സാധാരണക്കാരോട് ധാര്‍ഷ്ഠ്യം കാണിച്ചും 'കലുങ്ക് യുദ്ധം' നടത്തിയുമൊക്കെയാണ് അവര്‍ നേരം കളയുന്നത്. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു ചെറുവിരല്‍ അനക്കാന്‍ ഈ രണ്ടും പേരും തയ്യാറല്ല. ഇവരെയും മലയാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.