ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം : മനുഷ്യാവകാശ കമീഷൻ
പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തിരുവനന്തപുരം : പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇക്കാര്യത്തിൽ പൊലീസ് ആസ്ഥാനത്തുനിന്ന് നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്ന് കമീഷൻ നിർദേശിച്ചു. ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയിൽനിന്ന് കമീഷൻ ഇതുസംബന്ധിച്ച റിപ്പോർട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി പൊലീസ് സേനാംഗങ്ങളിൽ നിന്നുമുണ്ടാകരുതെന്ന നിർദേശം പൊലീസ് ആസ്ഥാനത്തുനിന്ന് നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.