വിഴിഞ്ഞം സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

 

കൊച്ചി : വിഴിഞ്ഞം സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്ത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ വിമര്‍ശിച്ചു. വിശ്വാസം ചൂഷണം ചെയ്ത് വൈദികര്‍ കലാപാഹ്വാനം നടത്തിയെന്നും ആക്രണത്തിന് വൈദികര്‍ നേതൃത്വം നല്‍കിയെന്നും അസോസിയേഷന്‍ വിമര്‍ശനം ഉന്നയിച്ചു.

സമാധാനത്തിന്‍റെ സന്ദേശവാഹകരെന്ന് അവകാശപ്പെടുന്നവര്‍ ഗൂഢാലോചന നടത്തി നടപ്പാക്കിയ ആക്രമണമായിരുന്നു വിഴിഞ്ഞത് കണ്ടത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുമായി പോയ ആംബുലൻസ് പോലും അക്രമികള്‍ തടഞ്ഞുവെന്ന് കുറ്റപ്പെടുത്തിയ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധ മുഖത്ത് പോലും പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടയില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേയും അസോസിയേഷന്‍ വിമര്‍ശനം വിമര്‍ശനം ഉന്നയിച്ചു. 

ഇതുവരേയും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണ്. അറസ്റ്റിനെടുക്കുന്ന കാലതാമസം ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാൻ കാരണമാവുമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. എറണാകുളത്ത് നടക്കുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.