ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തില്‍ ഇടപെട്ട് പൊലീസ്; ക്രീമിന്റെ സാമ്പിള്‍ പരിശോധനയ്ക്കയക്കും
കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിള്‍ നാളെ പരിശോധനയ്ക്ക് അയക്കും.
കേസെടുക്കുന്നതടക്കമുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.
ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ ഇടപെട്ട് അരീക്കോട് പൊലീസ്. പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിള്‍ നാളെ പരിശോധനയ്ക്ക് അയക്കും. കേസെടുക്കുന്നതടക്കമുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് അടിയന്തരമായി ഇടപെട്ടിരുന്നു. മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വില്‍പ്പന തടയാനും പരിശോധനകള്‍ക്കായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്നുമുള്ള ആവശ്യം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധന.
അതേസമയം, സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സ്വമേധയാ കേസെടുത്തിരുന്നു. ഓണ്‍ലൈനായി വാങ്ങിയ ക്രീം ഒരു വര്‍ഷത്തോളം ഉപയോഗിച്ചെന്നും ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ശരീരത്തിലെ മെര്‍ക്കുറിയുടെ അളവ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നതായി കണ്ടെത്തിയെന്നും കുട്ടി പറയുന്നു. ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോള്‍ ഫെയര്‍നെസ് ക്രീമില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലാണെന്നും ഇതുപയോഗിച്ചതാണ് കടുത്ത വൃക്ക രോഗത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.