ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ പോലീസ് വിലവയ്ക്കുന്നില്ല; സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വാക്കൗട്ട്

സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി പറയുന്നത് പോലീസ് സേന ചെവിക്കൊള്ളുന്നില്ലെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ. പൊലീസിലെ ഒരു വിഭാഗത്തിന് മന്ത്രിയുടെ നിർദേശങ്ങൾ ബാധകമല്ലെന്ന നിലപാടാണ് ഉള്ളതെന്നും, ആഭ്യന്തരമന്ത്രി ഒരു വിഷയത്തിൽ എടുക്കുന്ന വ്യക്തമായ നിലപാട് സേനയുടെ തലപ്പത്തുള്ള എല്ലാവർക്കുമുള്ള സന്ദേശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി പറയുന്നത് പോലീസ് സേന ചെവിക്കൊള്ളുന്നില്ലെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ. പൊലീസിലെ ഒരു വിഭാഗത്തിന് മന്ത്രിയുടെ നിർദേശങ്ങൾ ബാധകമല്ലെന്ന നിലപാടാണ് ഉള്ളതെന്നും, ആഭ്യന്തരമന്ത്രി ഒരു വിഷയത്തിൽ എടുക്കുന്ന വ്യക്തമായ നിലപാട് സേനയുടെ തലപ്പത്തുള്ള എല്ലാവർക്കുമുള്ള സന്ദേശമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി വ്യക്തമായ നിലപാടെടുത്തിട്ടും പോലീസിന്റെ മനോഭാവത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പന്നർക്ക് ഒരു നീതിയും പാവപ്പെട്ടവർക്ക് മറ്റൊരു നീതിയും എന്ന അവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. ചേരാനെല്ലൂരിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കളെ ആശ്വസിപ്പിച്ചപ്പോൾ, "തങ്ങൾക്കും സമ്പന്നർക്കും ഇരട്ട നീതിയാണോ" എന്നാണ് അവർ ചോദിച്ചതെന്നും ഇത് ജനങ്ങൾക്ക് പോലീസിലുള്ള കടുത്ത അവിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാർക്ക് നേരെ കേട്ടുകേൾവിയില്ലാത്ത നീതിനിഷേധവും അതിക്രമവുമാണ് നടക്കുന്നത്. പൊലീസിന്റെ ഈ അക്രമവാസന നിയന്ത്രിക്കപ്പെടേണ്ടതാണെന്നും ആഭ്യന്തരമന്ത്രിയെപ്പോലും അനുസരിക്കാത്ത പോലീസ് സേനയെക്കുറിച്ച് നിയമസഭ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.