സ്വത്ത് തട്ടാൻ വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചു ; പൊലീസ് ഇൻസ്‌പെക്ടർക്കെതിരെ അന്വേഷണം
സ്വത്ത് തട്ടിയെടുക്കാൻ കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നുമുളള പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്.
മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാൻ കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നുമുളള പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടുക്കി മുട്ടം സ്വദേശിനി രമ്യ ജെ കളപ്പുര, ഭർത്താവ് ടിജോ ഫിലിപ്പ് എന്നിവരുടെ പരാതിയിലാണ് നടപടി.
പരാതിക്കാരിയുടെ ബന്ധുക്കളും കേസിലെ മറ്റു എതിർകക്ഷികളുമായ കാഞ്ഞാർ തെക്കേൽ ബിബി ജോസ്, കോളപ്ര കുടയത്തൂർ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് ടിമ്മി എന്നിവർക്ക് വേണ്ടി സ്വത്ത് തട്ടിയെടുക്കാൻ സർക്കിൾ ഇൻസ്‌പെക്ടർ ശ്രമിച്ചുവെന്നാണ് പരാതി. ഇതിനായി തന്നെയും ഭർത്താവിനെയും പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. കേസെടുത്ത ശേഷം 3.5ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും സ്റ്റേഷനിൽ തടഞ്ഞുവെച്ചുവെന്നും ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സിഐയുമായുള്ള ഫോൺ സംഭാഷണവും പരാതിക്കാരി ഹാജരാക്കി.