ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

നിയമത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നിട്ടും അതിന് വിരുദ്ധമായി വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് എഫ്ഐആറിലെ ആരോപണം.

 

അതിജീവിതകളുടെ പേരും തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളും തന്റെ യൂട്യൂബ് ചാനലിലും ബ്ലോഗിലും പ്രസിദ്ധീകരിച്ചതാണ് പരാതിക്ക് ആധാരം.

മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതകളുടെ പേരും തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളും തന്റെ യൂട്യൂബ് ചാനലിലും ബ്ലോഗിലും പ്രസിദ്ധീകരിച്ചതാണ് പരാതിക്ക് ആധാരം.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍, നിരവധി പ്രാധാന്യമുള്ള കേസുകളിലെ വിവരങ്ങള്‍ പുറത്തുവിട്ടതായി ചൂണ്ടിക്കാണിക്കുന്നു. 2012-ലെ ദില്ലി കൂട്ടബലാത്സംഗ കേസ് , കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ സൗമ്യ കൊലക്കേസ്, പെരുമ്പാവൂര്‍ പീഡനക്കേസ് എന്നിവയുമായി ബന്ധപ്പെട്ട അതിജീവിതകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് ആരോപണം.

സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ലൈംഗിക പീഡനക്കേസുകളില്‍ ഇരകളുടെ പേരോ തിരിച്ചറിയല്‍ സൂചനകളോ പ്രസിദ്ധീകരിക്കുന്നത് പോക്‌സോ നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരവും ശിക്ഷാര്‍ഹമാണെന്ന് പൊലീസ് വ്യക്തമാക്കി.

നിയമത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നിട്ടും അതിന് വിരുദ്ധമായി വിവരങ്ങള്‍ പുറത്തുവിട്ടെന്നാണ് എഫ്ഐആറിലെ ആരോപണം.