പി.എം.-ശ്രീ ഫണ്ട് തടസ്സം: കേരളത്തിലെ അധ്യാപക പരിശീലനം പ്രതിസന്ധിയിൽ
പി.എം.-ശ്രീ സ്‌കൂൾ പദ്ധതി നടപ്പാക്കാത്തതിനെച്ചൊല്ലി സമഗ്രശിക്ഷാ കേരളയ്ക്കുള്ള ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതോടെ സ്‌കൂൾ അധ്യാപകപരിശീലനം വഴിമുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എസ്.സി.ഇ.ആർ.ടി.ക്കാണ് വേനലവധിക്കാല പരിശീലനത്തിനുള്ള ചുമതല. പണം ലഭിക്കാത്തതിനാൽ ഏപ്രിൽ അവസാനിക്കാറായിട്ടും തയ്യാറെടുപ്പുകൾ തുടങ്ങാനായിട്ടില്ല.
തിരുവനന്തപുരം: പി.എം.-ശ്രീ സ്‌കൂൾ പദ്ധതി നടപ്പാക്കാത്തതിനെച്ചൊല്ലി സമഗ്രശിക്ഷാ കേരളയ്ക്കുള്ള ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതോടെ സ്‌കൂൾ അധ്യാപകപരിശീലനം വഴിമുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എസ്.സി.ഇ.ആർ.ടി.ക്കാണ് വേനലവധിക്കാല പരിശീലനത്തിനുള്ള ചുമതല. പണം ലഭിക്കാത്തതിനാൽ ഏപ്രിൽ അവസാനിക്കാറായിട്ടും തയ്യാറെടുപ്പുകൾ തുടങ്ങാനായിട്ടില്ല.
അധ്യാപകപരിശീലനത്തിനായി എല്ലാ വർഷവും രണ്ടുകോടി രൂപ എസ്.എസ്.കെ. അനുവദിക്കാറുണ്ട്. പി.എം.-ശ്രീയുടെ പേരിൽ കേന്ദ്രഫണ്ട് നിലച്ചതിനാൽ, എസ്.എസ്.കെ. പ്രവർത്തനം സ്തംഭിച്ച സ്ഥിതിയിലാണ്. കഴിഞ്ഞവർഷം സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കാരവും പരിശീലനവും തയ്യാറെടുപ്പുകളുമൊക്കെയായി മൊത്തം നാലേമുക്കാൽ കോടി രൂപ എസ്.സി.ഇ.ആർ.ടി.ക്ക് ചെലവുവന്നിരുന്നു. അധ്യാപകപരിശീലനത്തിന് എസ്.എസ്.കെ. രണ്ടുകോടി അനുവദിച്ചെങ്കിലും അധികച്ചെലവ് വന്നതിനാൽ രണ്ടേമുക്കാൽ കോടിയുടെ ബാധ്യതവന്നിരുന്നു.
മേയിൽ അധ്യാപകപരിശീലനം നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) ഈയിടെ തീരുമാനിച്ചെങ്കിലും സാമ്പത്തികപ്രതിസന്ധി വെല്ലുവിളിയാണെന്ന് സർക്കാർ വൃത്തങ്ങൾ ‘പറഞ്ഞു.
അധ്യയനവർഷം തുടങ്ങുന്നതിനുമുൻപ് മുൻവർഷത്തെ പഠനവും അധ്യയനവും വിലയിരുത്തി, പാളിച്ചകൾ തിരുത്താനും പുതിയ സമീപനങ്ങൾക്കും അധ്യാപകരെ പ്രാപ്തരാക്കാനാണ് പരിശീലനം. സ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലായി രണ്ടുലക്ഷത്തിലേറെ അധ്യാപകരുണ്ട്. ഇവർക്ക് മേയ് 20 മുതൽ അഞ്ചുദിവസത്തെ പരിശീലനം നൽകാനാണ് ധാരണ.