പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് 'ഒരു ദുര്‍ബല നിമിഷത്തില്‍'; അബദ്ധം സമ്മതിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍
കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയില്‍ സംസ്ഥാനം ഒപ്പിട്ടത് ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ച അബദ്ധമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. പദ്ധതിയില്‍ ഒപ്പിട്ടത് ശരിയായില്ലെന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയില്‍ സംസ്ഥാനം ഒപ്പിട്ടത് ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ച അബദ്ധമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. പദ്ധതിയില്‍ ഒപ്പിട്ടത് ശരിയായില്ലെന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിആര്‍സികളില്‍ (BRC) ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യവും, കേന്ദ്ര സഹായം ലഭിക്കേണ്ടതിന്റെ ആവശ്യകതയും മുന്നില്‍ കണ്ടാണ് അത്തരമൊരു നീക്കമുണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു. ചെയ്തത് ശരിയല്ലെങ്കില്‍ പോലും ഒരു ദുര്‍ബല നിമിഷത്തില്‍ ഒപ്പിട്ടുപോയതാണ്. പിഎം ശ്രീ പദ്ധതി കേരളത്തിന് പ്രധാനപ്പെട്ട വിഷയമല്ലെന്നും, സംസ്ഥാനത്തെ സ്‌കൂളുകളും കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇതിനോടകം ബഹുദൂരം മുന്നോട്ടുപോയതാണെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, എല്‍ഡിഎഫ് കണ്‍വീനറുടെ തുറന്നുപറച്ചിലിനെ സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഇക്കാര്യത്തില്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ സിപിഐ ആദ്യം മുതല്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് തെളിഞ്ഞതായും, എല്‍ഡിഎഫ് കണ്‍വീനര്‍ സ്വീകരിച്ചത് നല്ല നിലപാടാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.