പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചതില്‍ അതൃപ്തി അറിയിച്ച് പ്രാദേശിക നേതാവ്

പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു

 

മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരിയാണ് ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് പ്രാദേശിക നേതാവ്. മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരിയാണ് ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആഹ്‌ളാദമൊക്കെ ആവശ്യമാണെന്നും അത് കൂടെ നിന്നവരെയും വിയര്‍പ്പൊഴുക്കിയവരെയും മറന്നുകൊണ്ടാകരുതെന്നും ഇക്ബാല്‍ മുണ്ടേരി ഫേസ്ബുക്കില്‍ കുറിച്ചു.


പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയിച്ചില്ലെന്നായിരുന്നു പരാതി. പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. സാധാരണ പ്രിയങ്കയും രാഹുലും എത്തുമ്പോള്‍ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, കൊണ്ടോട്ടി എംഎല്‍എ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്. യുഡിഎഫ് വയനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി തങ്ങളെ പോലും പ്രിയങ്കയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും ലീഗ് നേതൃത്വം ആരോപിച്ചിരുന്നു.