പ്ലസ്‌വൺ ; സ്കൂൾ മാറ്റത്തിന് ബുധനാഴ്ച കൂടി അപേക്ഷിക്കാം

മെറിറ്റ്, സ്പോർട്‌സ് ക്വാട്ട വിഭാഗങ്ങളിൽ പ്ലസ്‌വൺ പ്രവേശനം നേടിയവർക്ക് ജില്ല / ജില്ലാന്തര സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ബുധനാഴ്ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം
 

ഹരിപ്പാട്: മെറിറ്റ്, സ്പോർട്‌സ് ക്വാട്ട വിഭാഗങ്ങളിൽ പ്ലസ്‌വൺ പ്രവേശനം നേടിയവർക്ക് ജില്ല / ജില്ലാന്തര സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ബുധനാഴ്ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം. ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

ജില്ലയ്ക്കുള്ളിലെ സ്കൂൾ മാറ്റത്തിന് നേരത്തേയും അവസരം നൽകിയിരുന്നു. എന്നാൽ, മെറിറ്റിൽ ആദ്യ ഓപ്ഷനിലും കായികമികവ് അടിസ്ഥാനമാക്കിയും പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാൻ അനുമതിയില്ലായിരുന്നു. ഈ ഘട്ടത്തിൽ അവർക്കും അപേക്ഷിക്കാം.

പഠിക്കുന്ന സ്കൂളിൽത്തന്നെ മറ്റൊരു വിഷയത്തിലേക്കോ മറ്റൊരു സ്കൂളിൽ അതേ വിഷയത്തിലോ മറ്റൊരു വിഷയത്തിലേക്കോ അപേക്ഷിക്കാം. ജില്ലയ്ക്കുപുറത്തെ സ്കൂളുകളിലേക്കും അപേക്ഷ നൽകാം. ഒന്നിലധികം സ്കൂളുകളിലേക്ക് മാറ്റത്തിന് അപേക്ഷിക്കാൻ തടസ്സമില്ല. മുൻഗണനാ ക്രമത്തിലാണ് ഓപ്ഷൻ നൽകേണ്ടത്.