തനിക്കെതിരെയുള്ള വ്യാജ വാർത്ത: മാനനഷ്ട കേസിൽ നിന്നും കടുകിട പിന്നോട്ടില്ലെന്ന് പി കെ ശ്രീമതി

തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ കടുത്ത മാനഹാനിയുണ്ടായിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാനേതാവുമായ പി കെ ശ്രീമതി പറഞ്ഞു.

 

കണ്ണൂർ: തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ കടുത്ത മാനഹാനിയുണ്ടായിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാനേതാവുമായ പി കെ ശ്രീമതി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. തേച്ചാലും മായ്ച്ചാലും തനിക്കുണ്ടായ മാനഹാനി പോകില്ല. മാനനഷ്‌ട കേസ് കൊടുക്കുന്നതിൽ നിന്നും കടുകിട പിന്നോട്ടില്ല. മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്‌നമല്ലിത്. തൻ്റെ മനസ് ഈ കാര്യത്തിൽ അലിയില്ലെന്നും പി കെ ശ്രീമതി പറഞ്ഞു. 

തനിക്കെതിരെ വസ്തുതകളുമായി പുലബന്ധമില്ലാത്ത പ്രചാരണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ എൻ്റെ മകന് ഒരു മെഡിക്കൽ കമ്പി നിയുണ്ടെന്ന് ആരോപിച്ചിരുന്നു ഹൈക്കോടതിയിൽ അഭിഭാഷകരുടെയും മാധ്യമങ്ങളുടെയും മുൻപിൽ ഗോപാലകൃഷ്ണൻ തനിക്ക് തെറ്റുപറ്റി പോയെന്നും ടീച്ചറുടെ മകന് അങ്ങനെയൊരു കമ്പിനിയില്ലെന്ന് മാപ്പു പറഞ്ഞതിനെ തുടർന്നാണ് കേസ് അവസാനിപിച്ചത്. മരിച്ചു പോയ മുൻ എംഎൽഎ പിടി തോമസ് കൊവിഡ് കാലത്ത് കുട്ടികൾ പോലും മരിച്ചു വീഴുമ്പോൾ എൻ്റെ മകൻ സുധീറിൻ്റെ കമ്പിനി ഓക്സിജൻ സിലിൻഡർ പൂഴ്ത്തി വയ്ക്കുകയാണെന്ന് എർണാകുളം പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വസ്തുതയുമായി പുലബന്ധം പോലുമില്ലാത്ത ആരോപണമായിരുന്നു അത്.

 എനിക്കോ മകൻ സുധീറിനോ അങ്ങനെയൊരു കമ്പി നിയുണ്ടായിരുന്നില്ല പയ്യന്നൂർ കോടതിയിൽ പിടിക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്തതാണ് എന്നാൽ അദ്ദേഹം ഗുരുതരമായ രോഗം ബാധിച്ചു കിടപിലായതിനാൽ താൻ സ്വമേധയാ കേസ് അഭിഭാഷകനോട് പറഞ്ഞ് പിൻവലിക്കുകയായിരുന്നു. തൻ്റെ പരാതിയിൽ ആഭ്യന്തര വകുപ്പ് ഉടൻ നടപടിയെടുത്തതിൽ സന്തോഷമുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഈ കാര്യത്തിൽ ഇടപെട്ടു. ഡി. ജി പി തന്നെ നേരിട്ടു വിളിച്ചു വിവരങ്ങൾ ചോദിച്ചു. ആലക്കോട് സൈബർ പൊലിസ് ഇന്ന് രാവിലെ എരിപുരത്തുള്ള എൻ്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു.