പിങ്ക് ബസ്' സര്‍വീസുകള്‍ ഇന്ന് മുതല്‍, ഉദ്ഘാടനത്തിന് ഗതാഗത മന്ത്രി
പിങ്ക് ബസ്' സര്‍വീസുകള്‍ ഇന്ന് മുതല്‍, ഉദ്ഘാടനത്തിന് ഗതാഗത മന്ത്രി
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാര്‍ക്ക് റൂട്ടില്‍ സര്‍വീസ് ആരംഭിക്കും.
സംസ്ഥാനത്തെ വനിതാ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആര്‍ടിസി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന 'പിങ്ക് ബസ്' സര്‍വീസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാര്‍ക്ക് റൂട്ടില്‍ സര്‍വീസ് ആരംഭിക്കും. കിഴക്കേകോട്ടയില്‍ നിന്ന് ആരംഭിക്കുന്ന ബസ് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളേജ് (ആര്‍സിസി), ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നിവിടങ്ങള്‍ വഴി സര്‍വീസ് നടത്തും. രാത്രി ഒന്‍പത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാര്‍, ആശുപത്രി ജീവനക്കാര്‍, സിനിമ കഴിഞ്ഞിറങ്ങുന്നവര്‍, ട്രെയിന്‍ മാര്‍ഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി പത്തിനും രാവിലെ അഞ്ചിനുമിടയിലുള്ള ഷിഫ്റ്റുകളില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐടി ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഈ സര്‍വീസ് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.
രാത്രികാല യാത്രാ സൗകര്യം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി 'പ്രതിധ്വനി' സംഘടന നല്‍കിയ നിവേദനവും പദ്ധതിയുടെ രൂപീകരണത്തില്‍ പരിഗണിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് നിലവില്‍ പിങ്ക് സര്‍വീസിനായി വിന്യസിച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ സാധാരണ ബസ് സര്‍വീസുകളുടെ അഭാവത്തില്‍ ഉയര്‍ന്ന ചെലവില്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന വനിതകള്‍ക്ക് ഈ പദ്ധതി സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാ ബദലായി മാറും.
സര്‍വീസുകളുടെ കൃത്യമായ സമയപാലനവും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കുന്നതിനായി ഭാവിയില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതും ഇലക്ട്രിക് ബസുകള്‍ പിങ്ക് സര്‍വീസിന്റെ ഭാഗമാക്കുന്നതും കെഎസ്ആര്‍ടിസി പരിഗണിച്ചുവരുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ അറിയിച്ചു