ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട് ; വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട്. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാട്. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങൾ വന്നിട്ട് മറുപടി പറയാൻ ആകെയുണ്ടായത് മരുമോൻ മന്ത്രി മാത്രമാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. പി വി അൻവറിന്റെ ആരോപണങ്ങളിൽ പകുതി മാത്രം അന്വേഷിക്കാമെന്നാണ് നിലപാടെന്നും ശശിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന്റെത് ഇരട്ടത്താപ്പാണ്. ആരോപണവിധേയൻ തന്നെ അന്വേഷണം നടത്തുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് അദ്ദേഹം ആരോപിച്ചു.

പൂരം കലക്കിയതിൽ അന്വേഷണം നടക്കുന്നില്ല എന്ന മറുപടി പോലീസ് നൽകിയതിന് പിന്നാലെ റിപ്പോർട്ട്‌ നൽകി. പോലീസ് പൂരനഗരിയിൽ അഴിഞ്ഞാടിയിട്ടും ആഭ്യന്തര മന്ത്രി അറിഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത്. സുരേഷ് ഗോപിയെ പോലീസ് ആംബുലൻസിൽ എത്തിച്ചു. പൂരത്തിന്റെ മൂന്ന് ദിവസം മുൻപ് എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് പൂരം കലക്കിയതെന്ന് വിഡി സതീശൻ ആരോപിച്ചു.

പൂരം കലക്കാൻ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എം ആർ അജിത്കുമാറെന്ന് വിഡി സതീശൻ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാർ തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിൽ സിപിഐഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ബിജെപിയുടെ സംഘടന ചുമതലയുള്ള നേതാവിനെ മുഖ്യമന്ത്രിയും ഇ പി ജയരാജനും കാണുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കരുവന്നൂരിൽ ഇഡിയെ കണ്ടിട്ടില്ലെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.

എല്ലാ ആരോപണങ്ങളിലും പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും സിപിഐഎമ്മുമാണ്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ഭിന്നിപ്പിച്ച് വോട്ട് നേടാൻ ശ്രമിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ നാലര വർഷമായി ഒളിച്ചുവെച്ചെന്നും വിഡി സതീശൻ പറഞ്ഞു. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചു. ദുർബലമായ അന്വേഷണ സംഘമാണ്. റിപ്പോർട്ടിലെ മൊഴികളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹൈക്കോടതിയും ഇക്കാര്യം തന്നെ പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.