'ആടിനെ പട്ടിയാക്കുന്നത് പിണറായി ഇനിയെങ്കിലും അവസാനിപ്പിക്കണം', ; മറുപടിയുമായി കെ മുരളീധരന്‍

മെഡിക്കല്‍ കോളേജിലെ ഫുഡ്പാത്ത് കൈയ്യേറി ലക്ഷങ്ങള്‍ മുടക്കി ഡിവൈഎഫ്‌ഐ പണിത പന്തലും പൊളിക്കേണ്ടി വരുമെന്ന് കരുതിയാണോ?

 

ഭക്ഷണം കൊടുക്കുന്നതിന്റെ പേരില്‍ സേവാഭാരതി കൈയ്യേറിയിരിക്കുന്ന സ്ഥലം ഒഴിപ്പിക്കാനും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിക്കാനും എന്തേ നിങ്ങള്‍ക്ക് കഴിയാതെ പോയത്.

പിണറായി വിജയന്‍ ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം എന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. 10 വര്‍ഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യവകുപ്പിന്റെയും നട്ടെല്ല് ഒടിച്ചവരാണ് രണ്ട് മാസം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വ്യാജനിര്‍മ്മിതികളുമായി ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നതെന്നും പ്രതിപക്ഷനേതാവിന്റെ ഒരു ഗദ്ഗദം ഫേസ്ബുക്കില്‍ കാണാനിടയായി, അതിന് മറുപടി പറയാതെ പോകുന്നത് യുഡിഎഫിനെ അധികാരത്തിലെത്തിച്ച പൊതുസമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാകും, രണ്ട് വിഷയങ്ങളെ കൂട്ടികെട്ടിയാണ് പിണറായി വിജയന്‍ ആടിനെ പട്ടിയാക്കുന്നത്. ആദ്യത്തേത് പൊതിച്ചോറ് നിരോധിക്കുന്നുവെന്നും രണ്ടാമത്തേത് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച് ആരോഗ്യരംഗം പ്രതിസന്ധിയിലാണെന്നുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്
'' രണ്ട് വിഷയങ്ങളെ കൂട്ടികെട്ടിയാണ് പിണറായി വിജയന്‍ ആടിനെ പട്ടിയാക്കുന്നത്. ആദ്യത്തേത് പൊതിച്ചോറ് നിരോധിക്കുന്നുവെന്നും രണ്ടാമത്തേത് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ച് ആരോഗ്യരംഗം പ്രതിസന്ധിയിലാണെന്നുമാണ്. ആദ്യത്തേതിന് പിണറായി വിജയന് തന്നെ ബോദ്ധ്യമുള്ള വസ്തുകളാണ് മറുപടി. രണ്ടാമത്തെ ആക്ഷേപത്തിന് കണക്കുകള്‍ മറുപടി പറയും. പൊതിച്ചോറ് നിരോധിക്കുന്നു, പാവങ്ങളുടെ അന്നത്തില്‍ മണ്ണുവാരിയിടുന്നുവെന്ന നിങ്ങളുടെ കരച്ചിലിന് കാരണം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകള്‍ക്ക് വേണ്ടിയാണെന്ന് വിനയപൂര്‍വം ഓര്‍മ്മിപ്പിക്കട്ടെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും മുന്നോട്ട് പോകാന്‍ കഴിയാത്തതിന്റെ കാരണം അന്നത്തെ മുഖ്യമന്ത്രി ബോധപൂര്‍വം മറന്നതാണോ അതോ അന്നത്തെ വകുപ്പ് മന്ത്രിയും പാര്‍ട്ടിക്കാരും അങ്ങയില്‍ നിന്ന് മറച്ചുവച്ചതാണോ ? ഭക്ഷണം കൊടുക്കുന്നതിന്റെ പേരില്‍ സേവാഭാരതി കൈയ്യേറിയിരിക്കുന്ന സ്ഥലം ഒഴിപ്പിക്കാനും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിക്കാനും എന്തേ നിങ്ങള്‍ക്ക് കഴിയാതെ പോയത്. ഒഴിപ്പിച്ചാല്‍ ബി.ജെ.പിക്കാരുടെ അപ്രീതിയുണ്ടാകുമെന്ന ഭയമാണോ അതോ മെഡിക്കല്‍ കോളേജിലെ ഫുഡ്പാത്ത് കൈയ്യേറി ലക്ഷങ്ങള്‍ മുടക്കി ഡിവൈഎഫ്‌ഐ പണിത പന്തലും പൊളിക്കേണ്ടി വരുമെന്ന് കരുതിയാണോ?

നിങ്ങള്‍ രണ്ടു കൂട്ടരും കാട്ടികൊടുത്ത മാതൃക പിന്തുടരാന്‍ വേറെയും സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്കും നിങ്ങള്‍ക്ക് ഉള്ളതു പോലെ സ്ഥലം വേണം. ഈ ആവശ്യം അംഗീകരിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിന് കഴിയുമോ? ഭക്ഷണ വിതരണം മഹത്തരമായ പ്രവര്‍ത്തനമാണ്. അത് ആര് ചെയ്താലും. എന്നാല്‍ അതിന്റെ മറവില്‍ സര്‍ക്കാര്‍ സ്ഥലം കൈയ്യേറാന്‍ തുടങ്ങിയാല്‍ അത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറാന്‍ അനുവദിച്ചാല്‍ മാത്രമേ ഭക്ഷണം വിതരണം ചെയ്യൂവെന്ന പിടിവാശി നിങ്ങള്‍ക്ക് എന്തിനാണ്. അതുകൊണ്ടാണല്ലോ നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഓരേ സ്വരം.
രണ്ടാമത്തെ വിഷയം പകര്‍ച്ചവ്യാധികളാണ്. അങ്ങയുടെ കാലത്ത് മരിച്ചവരുടെ എണ്ണം പറഞ്ഞ് ഈ വിഷയത്തിന് മറുപടി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്. എന്നാല്‍ ഇല്ലാ കഥകള്‍ മെനയുമ്പോള്‍ ചില കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് മാത്രം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എലിപ്പനി മൂലം മാത്രം കേരളത്തില്‍ ഏകദേശം 1,500 പേര്‍ മരണപ്പെട്ടു. ഇത്തരമൊരു സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായത് എന്നത് സംബന്ധിച്ച കാര്യമായ പഠനങ്ങളൊന്നും അന്നിവിടെ ഉണ്ടായില്ല. അതേസമയം, കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും മരണനിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതായി കാണാം.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എലിപ്പനിയുടെ മരണനിരക്ക് 6.7 ശതമാനമായിരുന്നെങ്കില്‍, ഈ വര്‍ഷം അത് 5.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതുപോലെ, ഡെങ്കിപ്പനിയുടെ മരണനിരക്ക് കഴിഞ്ഞ വര്‍ഷം ആയിരം രോഗികളില്‍ ആറായിരുന്നത് ഈ വര്‍ഷം രണ്ടായി കുറഞ്ഞിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗികളെ നേരത്തേ കണ്ടെത്തുന്നതിനും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനും ആരോഗ്യവകുപ്പ് സ്വീകരിച്ച ഇടപെടലുകളുടെ കൂടി ഫലമാണിത്.

ഈ വര്‍ഷത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടിയിരുന്നത് കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു. ഇതില്‍ കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ വര്‍ഷങ്ങളിലേയും പോലെ പരാജയപ്പെട്ടു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഏകോപ്പിക്കേണ്ട സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവന്‍ തിരഞ്ഞെടുപ്പിലായിരുന്നു. ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കണ്ട ആരോഗ്യ വകുപ്പ് നാഥനില്ലാക്കളരിയായിരുന്നു.സ്വയം പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യവകുപ്പ് പിആര്‍ വര്‍ക്കിന് വേണ്ടി മാത്രം ഉപയോഗിച്ച ആരോഗ്യമന്ത്രിയും ഉത്തരവാദിയാണ്.

ഒരു കാര്യം യുഡിഎഫ് സര്‍ക്കാരിനു പറയാന്‍ കഴിയും. ആരോഗ്യ വകുപ്പ് ജീവനക്കാരും വിദഗ്ദ്ധരും ചെയ്യേണ്ട പണി അവര്‍ ചെയ്യും. അവരെ രാഷ്ട്രീയത്തിനായി ഉപയോഗിക്കില്ല. ഹൈ പവര്‍ കമ്മിറ്റിയെ നിയമിച്ചത് തന്നെ അതിന് ഉദാഹരണമാണ്. പിന്നിട്ട രണ്ട് മാസം ചിട്ടയായ പ്രവര്‍ത്തനങ്ങളണ് ആരോഗ്യവകുപ്പില്‍ നടന്നത്. അത് കൂടുതല്‍ കരുത്തോടെ തുടരും. അതിന് വേണ്ടിയാണ് 102 സീറ്റുമായി ജനം യുഡിഎഫിനെ അധികാരത്തിലെത്തിച്ചത്.