കെ.എം ഷാജിയെ കള്ളക്കേസെടുത്ത് വേട്ടയാടിയ പിണറായി വിജയന്‍ മാപ്പുപറയണം: എം.കെ മുനീര്‍

മാഫിയ ഭരണവും ധൂര്‍ത്തും തുറന്നു പറഞ്ഞതിന് രാഷ്ട്രീയ വിദ്വേഷവും പകയുംവെച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറണമെന്ന് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ

 

കോഴിക്കോട്: മാഫിയ ഭരണവും ധൂര്‍ത്തും തുറന്നു പറഞ്ഞതിന് രാഷ്ട്രീയ വിദ്വേഷവും പകയുംവെച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറണമെന്ന് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. പിണറായി സര്‍ക്കാറും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡിയും ഒന്നിച്ചു കൈകോര്‍ത്തിട്ടും സുപ്രീം കോടതി ഹര്‍ജി ഹര്‍ജി ചവറ്റുകൊട്ടയിലിട്ടത് കനത്ത പ്രഹരമാണ് നല്‍കിയത്. ഈ കളളക്കേസിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അഞ്ചു കോടിയിലേറെയാണ് ചെലഴിച്ചത്. പൊതു പ്രവര്‍ത്തകനോടുളള രാഷ്ട്രീയ വിദ്വേഷത്തിന് അധികാര ദുര്‍വിനിയോഗവും പണം ധൂര്‍ത്തടിക്കലുമാണ് നടന്നത്.

കെ.എം ഷാജി കോഴപ്പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോയെന്ന സുപ്രീം കോടതി ജഡ്ജിമാരുടെ ചോദ്യം, ഹൈക്കോടതി നേരത്തെ തന്നെ കണ്ടെത്തിയ വസ്തുതയാണ്. എന്നിട്ടും മണിക്കൂറിന് ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലുമാരെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെയുമെല്ലാം അണിനിരത്തി കോടതിയില്‍ കേസ്സുമായി മുന്നോട്ടു പോവാനിയിരുന്നു ശ്രമം. അന്തിമമായി സുപ്രീം കോടതിയും വെറുതെ വിടുമെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിട്ടും കേസ്സില്‍ കുരുക്കി മാനസികമായും സാമ്പത്തികമായും കെ.എം ഷാജിയെ പീഡിപ്പിക്കലായിരുന്നു ലക്ഷ്യം. ഇതുവഴി സര്‍ക്കാറിനെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കാമെന്നും കണക്കുകൂട്ടി.

2014 ല്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്.ടു അനുവദിക്കാന്‍ കെ.എം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ച് സി.പി.എം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് തന്നെ ഗൂഢാലോചനയായിരുന്നു. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതും തുടര്‍ന്ന് ഇ.ഡിക്ക് കൈമാറിയതുമെല്ലാം സംഘപരിവാര്‍ സി.പി.എം യോജിച്ച്് നടപ്പാക്കിയ പദ്ധതിയായിരുന്നു. 2022 ജൂണ്‍ 19 ന് കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും പകയോടെ പിന്തുടര്‍ന്ന് വേട്ടയാടിയപ്പോഴാണ് സുപ്രീം കോടതിയുടെ പ്രഹരം. കെ.എം ഷാജിയോടും കേരളീയ പൊതു സമൂഹത്തോടും പരസ്യമായി മാപ്പു പറയാന്‍ ഇനിയെങ്കിലും പിണറായി വിജയന്‍ തയ്യാറാവണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.