പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തവരാണ് തെറ്റ് ചെയ്തത് ; പിണറായിയെ പിന്തുണച്ച് ബേബി

തെറ്റുതിരുത്തൽ നടപടിയിലാണ് പാർട്ടിയെന്ന് ഒരുഭാഗത്ത് പറയുമ്പോൾ, പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തവരാണ് തെറ്റ് ചെയ്തതെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പരാമർശത്തിന് പിന്തുണയുമായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി.

 

 ന്യൂഡൽഹി: തെറ്റുതിരുത്തൽ നടപടിയിലാണ് പാർട്ടിയെന്ന് ഒരുഭാഗത്ത് പറയുമ്പോൾ, പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തവരാണ് തെറ്റ് ചെയ്തതെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പരാമർശത്തിന് പിന്തുണയുമായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ഏത് സാഹചര്യത്തിലാണെങ്കിലും പാർട്ടിക്കെതിരെ നിൽക്കൽ തെറ്റാണെന്ന് അണികൾ മനസ്സിലാക്കണമെന്ന് പിണറായി വിജയനെ പിന്തുണച്ച് എം.എ. ബേബി പറഞ്ഞു. പാർട്ടി നിലപാടിൽ പരാതികളുള്ള പ്രവർത്തകർക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കിൽ അത് പാർട്ടിക്കുള്ളിലായിരുന്നു പറയേണ്ടിയിരുന്നത്.

പാര്‍ട്ടി എടുക്കുന്ന നിലപാടിൽനിന്ന് പ്രവര്‍ത്തകര്‍ വ്യതിചലിക്കുന്നത് തെറ്റാണ്. തെറ്റിദ്ധാരണക്ക് വിധേയരായാണ് ചിലര്‍ പാര്‍ട്ടിക്കെതിരെ നിലകൊണ്ടത്. അങ്ങനെ തെറ്റിദ്ധാരണക്ക് പഴുത് നല്‍കുന്ന വീഴ്ചകള്‍ തിരുത്തുകയും പാര്‍ട്ടിക്കൊപ്പം നിലകൊള്ളുകയുമാണ് വേണ്ടതെന്നും പോളിറ്റ് ബ്യൂറോ യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വ്യക്തമാക്കി.

പിണറായിയെ പിന്തുണക്കുമ്പോൾതന്നെ, പാർട്ടിക്ക് ആന്തരിക ചികിത്സാ കാലമാണെന്നും ചിലപ്പോൾ ചവിട്ടിപ്പിഴിയൽതന്നെ വേണ്ടിവന്നേക്കാമെന്നും എം.എ. ബേബി പറയുന്നു. പാർട്ടിയിലെ എല്ലാ ഘടകങ്ങളും തെറ്റുതിരുത്തൽ പ്രക്രിയ നടത്തും. ജനങ്ങളുമായുള്ള ബന്ധം ശക്തപ്പെടുത്തും. എല്ലാവരെയും വിശദമായി കേൾക്കും. സെപ്റ്റംബർ 13ന് കോഴിക്കോട്ട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, വിജു കൃഷ്ണൻ, കെ. ബാലകൃഷ്ണൻ, യു. വാസുകി, ബി.വി രാഘവുലു, അശോക് ധാവ് ലെ എന്നിവർ പങ്കെടുക്കും. വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്നത് നേതൃമാറ്റത്തിനായല്ല. അത് മാധ്യമങ്ങള്‍ സൃഷ്ടിച്ച അജണ്ടയാണ്.

എന്ത് പ്രവർത്തന പദ്ധതികളാണ് പാർട്ടി കേരളത്തിൽ തുടർനാളുകളിൽ നടത്തേണ്ടത് എന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സംസ്ഥാന കമ്മിറ്റി ചേർന്ന് ചർച്ച ചെയ്ത് റിപ്പോർട്ടിന് അന്തിമ രൂപം നൽകും. ആ റിപ്പോർട്ടിന്മേലാണ് വിപുലീകൃത കമ്മിറ്റിയിൽ ചർച്ച നടക്കുക. പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാനും അഖിലേന്ത്യ, സംസ്ഥാന, ജില്ല കമ്മിറ്റികൾ കണ്ട പോരായ്മകളും ബലഹീനതകളും തിരുത്തുന്നതിന് ആവശ്യമായ ഭാവി കാര്യപരിപാടികൾ ആവിഷ്‍കരിക്കാനുമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതെന്നും ജനറൽ സെക്രട്ടി വിശദീകരിച്ചു.