പാര്‍ട്ടിയും അധികാരവും പിടിച്ചെടുത്ത് ഏകാധിപത്യ രീതിയില്‍ സ്വയംപ്രഖ്യാപിത നേതാവായി മാറിയ വ്യക്തിയാണ് പിണറായി വിജയൻ : കെ.സി. വേണുഗോപാൽ

നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് ലക്ഷ്യവുമായി കെ.പി.സി.സിയുടെ ‘ലക്ഷ്യ’ നേതൃക്യാമ്പിന് വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് തയാറാക്കിയ
 

 സുൽത്താൻ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് ലക്ഷ്യവുമായി കെ.പി.സി.സിയുടെ ‘ലക്ഷ്യ’ നേതൃക്യാമ്പിന് വയനാട് സുൽത്താൻ ബത്തേരിയിൽ തുടക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് തയാറാക്കിയ ‘വിഷൻ 2025’ വൻ വിജയമായിരുന്നു. അന്നും വയനാട്ടിൽ ക്യാമ്പ് ചെയ്താണ് തന്ത്രങ്ങൾ ആവിഷ്‍കരിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും തന്ത്രങ്ങളും ‘ലക്ഷ്യ’ ക്യാമ്പിൽ തയാറാക്കുന്നത്.

രണ്ടു ദിവസത്തെ ക്യാമ്പ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി മാര്‍ഗരേഖക്കനുസരിച്ച് സ്ഥാനാർഥി നിർണയം നേരത്തെ നടത്തുമെന്നും അതിനു മുന്നോടിയായി ആരും സ്വയംപ്രഖ്യാപിത സ്ഥാനാർഥികളാകരുതെന്നും അദ്ദേഹം പറഞ്ഞു.

വിജയസാധ്യത തന്നെയാണ് പ്രധാന മാനദണ്ഡം. കേരളത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റിയെ എ.ഐ.സി.സി പ്രഖ്യാപിച്ചുകഴിഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാക്കും. യുവാക്കളും വനിതകളുമടക്കമുള്ളവർ ഉൾപ്പെടുന്നതാകും സ്ഥാനാർഥിപ്പട്ടിക. പാർട്ടി ഭാരവാഹികളുടെയും നേതാക്കളുടെയും പ്രവര്‍ത്തനം പാര്‍ട്ടിയോട് ഉത്തരവാദിത്തമുള്ള രീതിയിലാകണം. വരുന്ന നാലുമാസത്തേക്ക് ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറിനില്‍ക്കാനുള്ള ഒരു ഒഴികഴിവും പാടില്ല. അത് അനുവദിക്കില്ല. വലിയ ജനപിന്തുണയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനും മുന്നണിക്കും ലഭിച്ചത്. പാര്‍ട്ടിയും അധികാരവും പിടിച്ചെടുത്ത് ഏകാധിപത്യ രീതിയില്‍ സ്വയംപ്രഖ്യാപിത നേതാവായി മാറിയ വ്യക്തിയാണ് പിണറായി വിജയനെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, മുന്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം. ഹസന്‍, കെ. മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍ എം.എല്‍.എ, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് ഡി.സി.സി പ്രസിഡന്റ് ടി.ജെ. ഐസക് സ്വാഗതം പറഞ്ഞു.