പിണറായി വിജയന്‍ ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയായി അധ:പതിച്ചു :കെ സി വേണുഗോപാല്‍ എം പി
തന്റെ പേരിലുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ ആര്‍ എസ് എസുമായി ഒത്തുതീര്‍പ്പ് ചെയ്യുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധ:പതിച്ചെന്ന്
കണ്ണൂർ : തന്റെ പേരിലുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ ആര്‍ എസ് എസുമായി ഒത്തുതീര്‍പ്പ് ചെയ്യുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധ:പതിച്ചെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം പി പറഞ്ഞു.അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി നയങ്ങള്‍ക്ക് വിപരീതമായി മുഖ്യമന്ത്രി സംഘപരിവാറുമായി നടത്തുന്ന രഹസ്യബന്ധമാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കാരണമായത്. ഇനിയും നിരവധി സി പി എമ്മുകാര്‍ പാര്‍ട്ടി വിട്ടു പുറത്തു വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ക്കണ്ട് സമനിലതെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതൊകൊണ്ടാണ് മുഖ്യമന്ത്രിയുടെ തനത് ശൈലിയിലുള്ള വാക്കുകള്‍കൊണ്ട് യു ഡി എഫിനെതിരെ പ്രതികരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഉപ്പുവയ്ച്ച കലംപോലെ സി പി എം മാറിക്കഴിഞ്ഞു. സി പി എമ്മിന്റെ കോട്ടയായ കണ്ണൂരില്‍ സി പി എമ്മുകാര്‍ പിണറായി ഭരണത്തില്‍ നിരാശരാണ്. ഇത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയല്ല മറിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി മാറിയെന്ന് ജനങ്ങള്‍ മനസ്സിലാക്കി. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുന്ന മോദിയുമായി കൈകോര്‍ക്കുന്ന പിണറയായെ യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞു. സി പി എമ്മിന്റെ സ്ഥാനാര്‍ഥികളെ പരിശോധിച്ചാല്‍ മാത്രം മതി ബി ജെ പിയുമായുള്ള ഡീല്‍ കാണാന്‍ കഴിയും. പരസ്പര സഹകരണത്തോടെയാണ് അവര്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുള്ളതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലെ സഹോദരിമാര്‍ക്ക് ആശ്വാസകരമായ പദ്ധതികളാണ് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുക. കെഎസ്ആര്‍ടിസിയില്‍ സൗജന്യ ബസ് യാത്ര യുഡിഎഫ് ഗ്യാരണ്ടിയാണ് . ഇതിലൂടെ കെഎസ്ആര്‍ടിസി തകര്‍ന്നുപോകുമെന്ന ഇടതു ന്യായം വിലപ്പോകില്ല. സര്‍ക്കാര്‍ സബ്‌സിഡിയിലൂടെ കെഎസ്ആര്‍ടിസിയെ പുന:രുജ്ജീവിപ്പിക്കും. വികൃതമായ മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന ഇടതുപക്ഷത്തിന് പാവപ്പെട്ട സഹോദരിമാര്‍ക്ക് നല്‍കുന്ന സൗജന്യ യാത്രയെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ വയ്ച്ച് നല്‍കുന്ന പദ്ധതിയും ആശ്വാസകരമാണ്.യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ 3000 രൂപയായി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കും. 55 മാസക്കാലവും 1600 രൂപ മാത്രം പെന്‍ഷന്‍ നല്‍കിയ ഇടതു സര്‍ക്കാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് 2000 രൂപയായി പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടും അവര്‍ വാഗ്ദാനം നല്‍കിയ 2500 ആക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചില്ല എന്ന സത്യം നമ്മുടെ മുന്നിലുണ്ട്. പക്ഷെ ഇതേ സി പി എം തന്നെ യു ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുമെന്ന നുണപ്രചരണവുമായി ഇറങ്ങിയിട്ടുണ്ട് എന്ന് നാം മനസ്സിലാക്കണം.
ഓരോ കുടംബത്തിലും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് യു ഡി എഫിന്റെ ഗ്യാരന്റിയാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭ സമാനമായ ആരോഗ്യപദ്ധതി വിജയകരമായി നടപ്പാക്കിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മോദിയുടെ തെറ്റായ വിദേശ നയംമൂലം നമ്മള്‍ ഇപ്പോള്‍ പാചകവാതകം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്യുന്നില്ല. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്തവിധം വിലക്കയറ്റം നാട്ടിലുണ്ട്. വിപണിയില്‍ ഇടപെടേണ്ട സിവില്‍ സപ്ലൈസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
തൊഴിലാളി വര്‍ഗപാട്ടിയെന്ന് വീമ്പ് പറയുന്ന സി പി എമ്മിന്റെ മുഖ്യമന്ത്രി നാടുനാളെയുള്ള പരസ്യബോര്‍ഡുകളിലാണ് വിശ്വാസം അര്‍പ്പിച്ചിട്ടുള്ളത്. പൊലീസ് സേന ഗുണ്ടകളെ സംരക്ഷിക്കുന്ന സ്ഥിതിയിലേക്ക് കേരളം മാറി. പി എസ് സി പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയിട്ടും ജോലി കിട്ടാത്തവരുടെ നാടായി കേരളം മാറി. എന്നാല്‍ ഇടതു സഹയാത്രികര്‍ക്ക് പിന്‍വാതില്‍ലൂടെ നിയമനം ലഭിക്കുന്നുമുണ്ട്. അഭ്യസ്ത വിദ്യരായ യുവതലമുറയുടെ ശാപം പിണറായിയെ പിന്തുടരും. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് കേരളത്തിലെ യുവത എത്തപ്പെട്ടിരിക്കുന്നു. പത്തുകൊല്ലക്കാലമായി ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങള്‍ ഏപ്രില്‍ 9ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മറുപടി പറയും. പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും നൂറിനു പുറത്ത് സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ അക്കൂട്ടത്തില്‍ അഴീക്കോട് മണ്ഡലവും ഉറപ്പായും ഉണ്ടാവണമെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.