തൊഴിലാളികൾക്ക് മെയ് ദിനാശംസകൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് മെയ് ദിനാശംസകൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിലാളി വർഗം പൊരുതി നേടിയ അവകാശങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്തു.
ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് മെയ് ദിനാശംസകൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിലാളി വർഗം പൊരുതി നേടിയ അവകാശങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്തു. എട്ട് മണിക്കൂർ പ്രവൃത്തി സമയത്തിനായി ചിക്കാഗോയിലെ തൊഴിലാളികൾ നടത്തിയ ഐതിഹാസിക പോരാട്ടത്തെ അദ്ദേഹം അനുസ്മരിച്ചു. മുതലാളിത്ത ചൂഷണത്തിനെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും സംഘടിച്ച തൊഴിലാളി വർഗത്തിന്റെ വിപ്ലവവീര്യം ചരിത്രത്തിലെ മഹത്തായ അധ്യായമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തെ നിലവിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നവലിബറൽ നയങ്ങൾ ഇന്ത്യയെ ഗ്രസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. പൊരുതി നേടിയ തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കി നാല് ലേബർ കോഡുകളാക്കി ചുരുക്കുന്ന നടപടി ഇതിന്റെ ഭാഗമാണ്. സ്ഥിരം തൊഴിലിന് പകരം കരാർവൽക്കരണവും ജോലി സുരക്ഷയില്ലാത്ത നിയമനങ്ങളും അടിച്ചേൽപ്പിക്കപ്പെടുകയാണ്. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കായി തൊഴിൽ സമയം വർദ്ധിപ്പിക്കാനും സംഘടിക്കാനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്താനും ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന തൊഴിലാളി സമരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാൻ വിഭാഗീയ ചിന്തകൾക്കതീതമായ തൊഴിലാളി വർഗബോധം ഉയർത്തിപ്പിടിക്കണം. കൂടുതൽ സംഘടിതരാകാനും കരുത്തോടെ മുന്നേറാനും മെയ് ദിന സ്മരണകൾ നമുക്ക് കരുത്താകുമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു