സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്ന് പിണറായി വിജയൻ ; ഡൽഹി യാത്ര ഒഴിവാക്കി

 തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള അവലോകന യോഗങ്ങളിൽ കടുത്ത അതൃപ്തി പുകയുന്നതിനിടെ, സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്ന് പിണറായി വിജയൻ. കടുത്ത പനിയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള ടിക്കറ്റും കേരള ഹൗസിലെ റൂം ബുക്കിംഗും അദ്ദേഹം റദ്ദാക്കുകയായിരുന്നു

 

 തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള അവലോകന യോഗങ്ങളിൽ കടുത്ത അതൃപ്തി പുകയുന്നതിനിടെ, സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്ന് പിണറായി വിജയൻ. കടുത്ത പനിയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള ടിക്കറ്റും കേരള ഹൗസിലെ റൂം ബുക്കിംഗും അദ്ദേഹം റദ്ദാക്കുകയായിരുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന നിർണായക യോഗമാണ് ഡൽഹിയിൽ നടക്കുന്നത്. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ വിവിധ ഏരിയ കമ്മിറ്റികളിൽ ഇന്നും രൂക്ഷവിമർശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. കേരളത്തിലെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നാണ് കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. രണ്ടാം പിണറായി സർക്കാർ ഒട്ടേറെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകൾ വലിയ രീതിയിൽ യുഡിഎഫിന് അനുകൂലമായി ഏകോപിച്ചതാണ് തിരിച്ചടിയായത്. ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് മറിഞ്ഞു. വിമതർ പാർട്ടിയെ വഞ്ചിക്കുകയും പാർട്ടിക്ക് എതിരെ ആസൂത്രിതമായ നീക്കം നടത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തം കൂട്ടായതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിൽ നിന്നുള്ള രണ്ട് അംഗങ്ങൾ ഇതിനകം ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. കേരള ഘടകം കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നത്. പാർട്ടിയുടെ അമിത ആത്മവിശ്വാസം തിരിച്ചടിയായോ എന്ന് സ്വയം പരിശോധിക്കണം. കടുത്ത തെറ്റുതിരുത്തൽ നടപടികളുമായി നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശം വന്നു. ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളാണ് കേരള ഘടകത്തിനെതിരെ പ്രധാനമായും വിമർശനം ഉന്നയിച്ചത്. നിലവിൽ യോഗത്തിൽ ചർച്ചകൾ തുടരുകയാണ്.