പിണറായി എന്ന സൂര്യൻ കെട്ടുപോയി, 'പാർട്ടി എന്ന പേരിൽ എല്ലാവരെയും നിശബ്ദമാക്കുന്നു: ഇനിയും സഹിച്ചുനിൽക്കാൻ സൗകര്യമില്ലെന്നും പി.വി അൻവർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ താങ്കളെ വെറുക്കുന്നതായും താൻ അദ്ദേഹത്തോട് നേരിട്ടുപറഞ്ഞെന്ന് പി.വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അജിത് കുമാറിനെയും പി. ശശിയെയും സൂക്ഷിക്കണം എന്നും അവർ ചതിക്കുമെന്നും ഞാൻ പറഞ്ഞു. ശേഷം ഇങ്ങനെ ഒക്കെ ആയാൽ എന്താ ചെയ്യാ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു നിസഹായാവസ്ഥ തനിക്ക് അദ്ദേഹത്തിൽ തോന്നി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ താങ്കളെ വെറുക്കുന്നതായും താൻ അദ്ദേഹത്തോട് നേരിട്ടുപറഞ്ഞെന്ന് പി.വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി വി അൻവർ കള്ളക്കടത്ത് സംഘത്തിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ ഇട്ടു കൊടുത്തു. അത് തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽനിന്ന് താഴ്ന്ന് പൂജ്യത്തിലെത്തിയെന്നും അദ്ദേഹം തന്നെ ചതിച്ചെന്നും അൻവർ പറഞ്ഞു.
പൊലീസിലെ പുഴക്കുത്തുകളെ നിലയ്ക്ക് നിർത്തുമെന്നും കടുത്ത നടപടികളെടുക്കുമെന്നും പൊലീസ് അസോസിയേഷൻ്റെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത് വലിയ ആശ്വാസമായിരുന്നു. ഇതിനു ശേഷമാണ് താൻ മുഖ്യമന്ത്രിയെ കാണാൻ പോയത്. താൻ പരാതി നേരിട്ട് കൈമാറി. അതെല്ലാം മുഖ്യമന്ത്രി വായിച്ചു. ശേഷം താൻ മനസ് തുറന്നു സംസാരിച്ചു. മുഖ്യമന്ത്രിയെ പിതാവിൻ്റെ സ്ഥാനത് കണ്ടാണ് മനസു തുറന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെ കുറ്റവാളിയാക്കുന്നതായിരുന്നു. പാർട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. അന്വേഷിക്കുമെന്നെും സംസ്ഥാന സെക്രട്ടറി പറയും എന്നും കരുതി. പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഇല്ലാത്തത് നിരാശപ്പെടുത്തി. എട്ട് വർഷത്തിനും അപ്പുറം പാർട്ടിയുമായി ബന്ധമുള്ളതാണ്. പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി വായിച്ചിട്ടുപോലുമില്ലെന്ന് മനസ്സിലായി. ഏത് സാധാരണകാരനും മനസിലാകുന്ന രീതിയിലാണ് പരാതി കൊടുത്തത്. പി ശശിയുമായുള്ള ബന്ധത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി ചെയ്തതെന്നും അൻവർ ആരോപിച്ചു.
ശശിയുമായി 40 വർഷത്തെ ബന്ധം ആണെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. പി ശശിക്കെതിരായ പരാതി പാർട്ടി പൂർണമായും അവഗണിച്ചു. പാർട്ടിക്ക് വിപരീതമായി താൻ പ്രവർത്തിച്ചിട്ടില്ല. പാർട്ടിക്ക് വിരുദ്ധമായി അല്ല പ്രവർത്തിക്കുന്നത്. പാർട്ടിയുമായി സഹകരിച്ചാണ് എന്നും മുന്നോട്ട് പോവുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരമാണ് ഉന്നയിച്ചത്. സാധാരണക്കാരുടെ വിഷയങ്ങളാണ് ഉന്നയിച്ചത്. പൊളിറ്റിക്കൽ സെക്രട്ടറിയാണ് എല്ലാത്തിന്റെയും ഉത്തരവാദി. കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാൽ സ്റ്റേഷനിൽ നിന്ന് രണ്ട് അടി കൂടുതൽ കിട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
അജിത് കുമാറിനെയും പി. ശശിയെയും സൂക്ഷിക്കണം എന്നും അവർ ചതിക്കുമെന്നും ഞാൻ പറഞ്ഞു. ശേഷം ഇങ്ങനെ ഒക്കെ ആയാൽ എന്താ ചെയ്യാ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു നിസഹായാവസ്ഥ തനിക്ക് അദ്ദേഹത്തിൽ തോന്നി. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട് വീഴ്ചകൾ ഒന്നും മുഖ്യമന്ത്രി അറിയുന്നില്ല..
2021ൽ കത്തി ജ്വലിച്ചുനിൽക്കുന്ന സൂര്യൻ ആയിരുന്നു മുഖ്യമന്ത്രി, എന്നാൽ ആ സൂര്യൻ ഇപ്പോൾ കെട്ടുപോയെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. ജനങ്ങൾ താങ്കളെ വെറുക്കുന്നതായും താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. തൻ്റെ കണ്ണ് നിറഞ്ഞാണ് സംസാരിച്ചത്.
അവിടെ ഇരുന്നു കരഞ്ഞു പോയി. അജിത് കുമാറിനെ മാറ്റി നിർത്താനും ആവശ്യപ്പെട്ടു. എന്നാൽ അതിന് ഡിജിപി ഉണ്ടെന്നായിരുന്നു മറുപടി. ഡിജിപി സാധു അല്ലേ എന്ന് താൻ ചോദിച്ചു. നമുക്ക് നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'മാധ്യമങ്ങളെ കാണട്ടെ' എന്ന് താൻ മുഖ്യമന്ത്രിയോട് ചോദിച്ചു. അതിനെന്താ എന്നായിരുന്നു മറുപടി. ഇതോടെ തനിക്ക് കൂടുതൽ ആവേശമായി. തുടർന്നാണ് പ്രതികരണങ്ങൾ തുടർന്നത്. ആരും ഒന്നും മിണ്ടാൻ പാടില്ല. ഇനിയും ഈ രീതിയിൽ സഹിച്ചുനിൽക്കണം എന്ന് പറഞ്ഞാൽ തത്ക്കാലം തനിക്ക് സൗകര്യമില്ലെന്നും അൻവർ പറഞ്ഞു.