പിണറായിയുടെ പി.ആർ ഏജൻസി മോദിക്കും ബി.ജെ.പിക്കും സേവനം ചെയ്യുന്നവർ ? ; സംശയം പങ്കുവെച്ച് വി ടി ബൽറാം

‘ദ ഹിന്ദു’ ദിനപത്രവുമായി മുഖ്യമ​​ന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിന് വേദിയൊരുക്കിയ കെയ്സെൻ എന്ന പി.ആർ ഏജൻസി മോദിയുടേയും ബിജെപിയുടേയുമൊക്കെ പി.ആർ വർക്ക് ചെയ്യുന്നവരാണെന്ന സംശയം പങ്കുവെച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.
 

മലപ്പുറം: ‘ദ ഹിന്ദു’ ദിനപത്രവുമായി മുഖ്യമ​​ന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിന് വേദിയൊരുക്കിയ കെയ്സെൻ എന്ന പി.ആർ ഏജൻസി മോദിയുടേയും ബിജെപിയുടേയുമൊക്കെ പി.ആർ വർക്ക് ചെയ്യുന്നവരാണെന്ന സംശയം പങ്കുവെച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.

അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മോദിയുടെയും കേന്ദ്ര സർക്കാറിന്റെയും നിരവധി പരസ്യങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ നൽകിയാണ് അദ്ദേഹത്തിന്റെ ചോദ്യം. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി കെയ്സെൻ ഏജൻസിക്ക് ബന്ധമുണ്ടോ എന്നും ബൽറാം ചോദിക്കുന്നു.

ഫേസ്ബുക് പോസ്റ്റി​ന്റെ പൂർണരൂപം:

ഈ കെയ്സെൻ എന്ന ഏജൻസി ഫുൾ മോദിയുടേയും ബിജെപിയുടേയുമൊക്കെ PR വർക്ക് ചെയ്യുന്നവരാണ് എന്നാണല്ലോ അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഒക്കെ കാണുമ്പോൾ തോന്നുന്നത്! തിരുവനന്തപുരത്തെ BJP സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി ഇവർക്ക് ബന്ധമുണ്ടെന്നും കേൾക്കുന്നു.

ഈ ഘട്ടത്തിൽ അതൊരാരോപണമായി ഉന്നയിക്കാനുള്ള തെളിവ്‌ എന്റെ കയ്യിൽ കിട്ടിയിട്ടില്ലാത്തതുകൊണ്ട്‌ അത്‌ നമ്മുടെ മാധ്യമ സുഹൃത്തുക്കളുടെ അന്വേഷണാത്മകതക്ക് വിട്ടുനൽകുന്നു.

ഏതായാലും ഇവർക്കുള്ള പ്രതിഫലം എത്രയാണ്‌? ആരാണ്‌ അത്‌ നൽകുന്നത്‌? സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം എന്ന നിലയിൽ പാർട്ടിയാണോ പിണറായി വിജയന്റെ ഈ പിആർ വർക്കുകൾക്കുള്ള പ്രതിഫലം നൽകുന്നത്‌? അതോ മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാരിന്റെ പിആർഡി വകുപ്പ്‌ ഖജനാവിലെ പണമെടുത്ത്‌ നൽകുകയാണോ?

ഇതിനു മുൻപ്‌ ഈ ഏജൻസി വേറേതെങ്കിലും പിആർ പ്രവർത്തനം മുഖ്യമന്ത്രിക്ക്‌ വേണ്ടി ചെയ്തിട്ടുണ്ടോ? അതിന്‌ പ്രതിഫലം നൽകിയിട്ടുണ്ടോ?

മുഖ്യമന്ത്രിക്ക്‌ ഒരു പ്രസ്‌ സെക്രട്ടറി ഉണ്ട്‌. ഒരു ലക്ഷത്തിലേറെ രൂപ മാസശമ്പളമുണ്ടാവും. ഇതിന്‌ പുറമേ ഒരു മീഡിയ സെക്രട്ടറിയും ഉണ്ട്‌. ഒന്നര ലക്ഷത്തോളമാണ്‌ ശമ്പളമെന്ന് തോന്നുന്നു. ഇവരുടെ ജോലികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടോ എന്നറിയില്ല.

ഇതിന്‌ പുറമേ നേരത്തെ ഒരു മീഡിയ ഉപദേഷ്ടാവും കൂടി ഉണ്ടായിരുന്നു. പുള്ളി ഇപ്പോ രാജ്യസഭാംഗമാണ്. ഡൽഹിയിലെത്തിയാൽ മുഖ്യമന്ത്രിയുടെ പിആർ വർക്കുകൾ ഇദ്ദേഹത്തിന്റെ കൂടി മുൻകയ്യിലാണ്‌ പതിവ്‌. ഇതിനെല്ലാം പുറമേ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പത്തു പതിനഞ്ചാളുകൾ വേറെയുമുണ്ട്. ഇവർക്കുള്ള ശമ്പളമായും ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചോരുന്നുണ്ട്‌.

allowfullscreen

ഇവരൊക്കെ ഉണ്ടായിട്ടും ഒരു പത്രത്തിന്‌ ഇന്റർവ്യൂ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരിക്കാൻ പുറത്തുള്ള പിആർ ഏജൻസി ഏർപ്പെടുത്തിക്കൊടുക്കുന്ന ആളുകൾ വേണമത്രെ! മുഖ്യമന്ത്രിയുടെ പേരിൽ ഇന്റർവ്യൂവിൽ അടിച്ചുവരുന്നത്‌ ഇവർ പറയിപ്പിച്ചതും പിന്നീട്‌ കൂട്ടിച്ചേർത്തതുമായ വാക്കുകളാണത്രേ!!