പിണറായിയും സര്‍ക്കാരും അനുഭവിക്കുന്നത് ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ അനന്തരഫലം: പി.സി. ജോര്‍ജ്ജ്

പിണറായിയും സര്‍ക്കാരും അനുഭവിക്കുന്ന എല്ലാ തിരിച്ചടികള്‍ക്കും കാരണം ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി. ജോര്‍ജ്ജ് പറഞ്ഞു
 

കണ്ണൂര്‍: പിണറായിയും സര്‍ക്കാരും അനുഭവിക്കുന്ന എല്ലാ തിരിച്ചടികള്‍ക്കും കാരണം ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്ന് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി. ജോര്‍ജ്ജ് പറഞ്ഞു. കണ്ണൂരില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാര ലംഘനം നടത്തി ശബരിമലയെ കളങ്കപ്പെടുത്താനും ആയിരക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തെ തകര്‍ക്കാനും നടത്തിയ നീക്കങ്ങള്‍ക്ക് ശേഷം ഇന്നോളം പിണറായിക്ക് സ്വസ്ഥമായി കഴിഞ്ഞുകൂടാന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയായി റേഷന്‍ കിട്ടാതായി, ശബളം കിട്ടാതായി, ആശുപത്രികളില്‍ മരുന്നില്ലാതായി. അഴിമതിക്കാരനായി മാറി ജനങ്ങള്‍ വെറുക്കുന്ന ഭരണാധിപനായി മാറി. കഴിഞ്ഞ എട്ടുവര്‍ഷക്കാലും എന്തെങ്കിലും ഒരു നല്ല കാര്യം പിണറായി സര്‍ക്കാര്‍ ചെയ്തതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ. അഴിമതിയിലൂടെ നേടിയ പണം  പിണറായിയും കുടുംബവും വിദേശ രാജ്യങ്ങളില്‍ ചുറ്റിയടിച്ച് വിദേശത്ത് നിക്ഷേപിച്ച് മക്കള്‍ക്ക് വേണ്ടി വ്യവസായ സ്ഥാപനങ്ങളാരംഭിച്ചു. നികുതി പണം നല്‍കി ജീവിക്കുന്ന സാധാരണക്കാരായ ജനം പാപ്പരായി. സംസ്ഥാന കടക്കെണിയിലായി. ചെയ്ത പ്രവര്‍ത്തികളുടെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് പിണറായി. ഇനിയും അനുഭവിക്കും. ജയിലിലടയ്ക്കപ്പെടുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യയില്‍ ഭൂരിപക്ഷമുളള വിഭാഗത്തെ പ്രീണിപ്പിച്ച് വോട്ട് നേടി ജയിക്കാനുളള തന്ത്രപ്പാടിലാണ് ഇടതും വലതും. തെരഞ്ഞെടുപ്പ് തീയ്യതികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പിന്നിലടക്കം ഇരുകൂട്ടരുടേയും പ്രീണനത്തിന്റെ തുടര്‍ച്ചയാണ്. 2009ല്‍ ഞായറാഴ്ചയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തിയത്. ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിനമാണ് അന്ന്.  എന്നാല്‍ താനടക്കമുളളവര്‍ പളളിയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് വോട്ട് ചെയ്യാന്‍ പേത്തെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരേയും തുല്യമായി കാണുന്ന ഭരണകൂടം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മൂന്നാമതും നരേന്ദ്രമോദി അധികാരത്തില്‍ വരേണ്ടിയിരിക്കുന്നു. മാറ്റത്തിന് കേരളവും തയ്യാറായി കഴിഞ്ഞുവെന്നും ഇക്കുറി എന്‍ഡിഎ പ്രതിനിധിയായി കേരളത്തില്‍ നിന്നുളളവരും ലോക്‌സഭയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അറുപത് വര്‍ഷം ഒന്നും ചെയ്യാത്ത കോണ്‍ഗ്രസിന് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച  മോദി ഭരണകൂടത്തെ കുറ്റം പറയാന്‍ എന്ത് അര്‍ഹതയാണ് ഉളളതെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫും എല്‍ഡിഎഫും കേന്ദ്രത്തിലെത്തി ഒന്നായി കൈപൊക്കാന്‍ കേരളത്തിലെന്തിന് പരസ്പരം മത്സരിക്കുന്നു. ആശയപരമായ പോരാട്ടം നടത്തുന്ന എന്‍ഡിഎയെ വിജയിപ്പിക്കാന്‍ ജനം തയ്യാറെടുത്തു കഴിഞ്ഞു. പൗരാവകാശത്തിന്റെ പേരില്‍ മുസ്ലീം ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. നിയമത്തില്‍ നിഷ്‌ക്കര്‍ഷിക്കപ്പെട്ട വിദേശ രാജ്യങ്ങളിലെ പീഢനം അനുഭവിച്ച് അഭയംതേടി ഇന്‍ഡ്യയിലെത്തിയ ഹിന്ദുമത വിശ്വാസികളടക്കമുളള വളരെ കുറച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കാനിരിക്കുന്നത്. ഒരാളെ പോലും രാജ്യത്ത് നിന്നും പുറത്താക്കാന്‍ പോകുന്നില്ല.

വിവാദങ്ങളുണ്ടാക്കി ഇസ്ലാം മതവിശ്വാസികളെ ഭയചകിതരാക്കി വോട്ട് തട്ടാനാണ് ഇരുകൂട്ടരുടേയും ശ്രമം. ഇത് ജനം തിരിച്ചറിയണം.  എന്നും ഇസ്ലാമിക വിശ്വാസികളെ താലോലിച്ച് ബഹുമാനിച്ച് പോന്ന ചരിത്രമാണ് ഭാരതത്തിനുളളത്. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. രഘുനാഥ് ഉള്‍പ്പെടെ എന്‍ഡിഎയുടെ വിവിധ നേതാക്കള്‍ പ്രസംഗിച്ചു.

ഇടത്-വലത് മുന്നണികളുടെ ഇരട്ടത്താപ്പും കളളപ്രചരണങ്ങളും തുറന്നു കാട്ടിയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന പദ്ധതികളും ഉയര്‍ത്തിക്കാട്ടിയും നടത്തിയ നേതാക്കളുടെ പ്രസംഗത്തെ ജനം ആവേശത്തോടെ ഹര്‍ഷാരവങ്ങളോടെ എതിരേറ്റു. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണവും, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും, ഇരു മുന്നണികളും കേരളത്തില്‍ നേര്‍ക്കു നേര്‍ മത്സരിക്കുകയും സംസ്ഥാനത്ത് പുറത്ത് ഒരേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നിലകൊളളുകയും ചെയ്യുന്ന കാപട്യം നിറഞ്ഞ നിലപാടും, ന്യൂനപക്ഷ വോട്ടു ബാങ്ക് ലക്ഷ്യമാക്കി ഇടതും വലതും നടത്തിക്കൊണ്ടിരിക്കുന്ന കളളപ്രചരണങ്ങളും കണ്‍വെന്‍ഷന്‍ തുറന്നു കാട്ടി.

ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാനക്രട്ടറിമാരായ കെ. രഞ്ചിത്ത്, അഡ്വ. കെ. ശ്രീകാന്ത്, ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡണ്ട് പൈലി വാത്യാട്ട്, മഹിളാവിഭാഗം സംസ്ഥാന ഉപാധ്യക്ഷ നിര്‍മ്മല അനിരുദ്ധന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, കാമരാജ് കോണ്‍ഗ്രസ് നേതാവ് സന്തോഷ് കാളിയത്ത്,  സോഷ്യലിസ്റ്റ് ജനതാ നേതാവ് കെ.എ. ശ്യാം, ബിഡിജെസ് ജില്ലാ പ്രസിഡണ്ട് എ.വി. അജി, ബിജെപി നേതാക്കളായ എ.പി. ഗംഗാധരന്‍, അഡ്വ. വി. രത്‌നാകരന്‍, വി.വി. ചന്ദ്രന്‍, ആനിയമ്മ രാജേന്ദ്രന്‍, കെ. രതീഷ്, ടി.സി. മനോജ്, പി.ആര്‍. രാജന്‍, രാജന്‍ പുതുക്കുടി, യു.ടി. ജയന്തന്‍, അരുണ്‍ കൈതപ്രം, അഡ്വ. ജിതിന്‍ രഘുനാഥ്, വിദ്യ, പി. സെലീന, അരുണ്‍ ഭരത്, അരുണ്‍ തോമസ്, റീന മനോഹരന്‍, കൂടത്തില്‍ ശ്രീകുമാര്‍, കെ. സജേഷ്, വിജയന്‍ വട്ടിപ്രം തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജുഏളക്കുഴി സ്വഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു.