ശബരിമല ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് 

ശബരിമലയിൽ ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. വൃശ്ചികം ഒന്നിന് നട തുറന്നശേഷമുള്ള മൂന്നു ദിവസങ്ങളിലായി 50000ത്തിനടുത്ത് തീർഥാടകർ മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകർ ദർശനം നടത്തിയിരുന്നു. ഇത് വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. വരുമാനത്തിന്‍റെ കണക്ക് ഇതുവരെ ദേവസ്വം ബോർഡ് പുറത്തുവിട്ടിട്ടില്ല.

 

 ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. വൃശ്ചികം ഒന്നിന് നട തുറന്നശേഷമുള്ള മൂന്നു ദിവസങ്ങളിലായി 50000ത്തിനടുത്ത് തീർഥാടകർ മാത്രമാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകർ ദർശനം നടത്തിയിരുന്നു. ഇത് വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. വരുമാനത്തിന്‍റെ കണക്ക് ഇതുവരെ ദേവസ്വം ബോർഡ് പുറത്തുവിട്ടിട്ടില്ല.

വർധിച്ച തിരക്കിനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചതടക്കം മികച്ച സൗകര്യങ്ങളാണ് ഇത്തവണ സർക്കാർ ഏർപ്പെടുത്തിയത്. അതിനിടയിലാണ് ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായത്. ഇത്തവണ 66000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴിയും 80000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയുമാണ് ദർശനത്തിന് അവസരം ലഭിച്ചത്. വെർച്വൽ ക്യു ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ക്രമക്കേടുകളാണോ അസാധാരണ സാഹചര്യത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്.

ബുക്കിങ് സൗജന്യമാണ്. എന്നാൽ, തീർഥാടകരെ എത്തിക്കുന്ന ഏജൻസികൾ ബൾക്കായി ബുക്കിങ് നടത്തുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടത്തുന്നുണ്ടോ എന്നാണ് സംശയം. ഒരു ഫോൺ നമ്പർ ഉപയോഗിച്ച് അഞ്ചു പേർക്ക് മാത്രമേ ബുക്ക് ചെയ്യാനാകൂ. തമിഴ്നാട്ടിൽനിന്നും മറ്റും അയ്യപ്പഭക്തർ വലിയ സംഘമായി എത്തുന്നതിനെ ഇതു ബാധിച്ചിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിശദമായ പരിശോധനയും അന്വേഷണവും വേണമെന്ന അഭിപ്രായം ദേവസ്വം ബോർഡിലും പൊലീസിലും ഉണ്ടെങ്കിലും തീരുമാനമായിട്ടില്ല.