സ്‌കൂളില്‍ പെറ്റ് ഷോ; കൊച്ചിയിൽ സ്വന്തം ആനയുമായെത്തി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളില്‍ നടന്ന പെറ്റ് ഷോയിൽ താരം കാളിയാര്‍മഠം ശേഖരനാണ് . കാളിയാര്‍മഠം ശേഖരനെന്ന കൊമ്പൻ പൊന്നോമനയാണെന്നാണ് കൊച്ചമ്മന്‍ വിനായകനും സഹോദരങ്ങളായ ദേവാനന്ദ് സുബ്രഹ്‌മണ്യവും റിഷിക് ബ്രഹ്‌മയും പറയുന്നത്.
 


കൊച്ചി: . കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളില്‍ നടന്ന പെറ്റ് ഷോയിൽ താരം കാളിയാര്‍മഠം ശേഖരനാണ് . കാളിയാര്‍മഠം ശേഖരനെന്ന കൊമ്പൻ പൊന്നോമനയാണെന്നാണ് കൊച്ചമ്മന്‍ വിനായകനും സഹോദരങ്ങളായ ദേവാനന്ദ് സുബ്രഹ്‌മണ്യവും റിഷിക് ബ്രഹ്‌മയും പറയുന്നത്.

കുഞ്ഞുനാള്‍ മുതല്‍ കൊച്ചമ്മന് ആനകളെ വലിയ പ്രിയമായിരുന്നു. അച്ഛന്‍ ശാന്തിയാണ്. വീടിനോട് ചേര്‍ന്ന് അമ്പലവുമുള്ളതിനാല്‍ ആനകളെ കണ്ടും അവയോടൊപ്പം സമയം ചെലവഴിച്ചും ഇഷ്ടം ഒന്നുകൂടി വര്‍ധിച്ചു. ആ ആഗ്രഹം അച്ഛനോട് പ്രകടിപ്പിച്ചു. അച്ഛനും നൂറുവട്ടം സമ്മതം, അദ്ദേഹത്തിനും ആനകളോട് ഏറെ ഇഷ്ടമാണ്. അങ്ങനെ കഴിഞ്ഞ ആറുമാസമായി ശേഖരന്‍ കുടുബത്തിലെ അംഗമായി മാറിയിട്ട്.

കൊച്ചമ്മന്‍ വിനായകന്‍ ഒന്‍പതാം ക്ലാസിലും ദേവാനന്ദ് നാലാം ക്ലാസിലും റിഷിക് ഒന്നാം ക്ലാസിലും പഠിക്കുന്നു. പെറ്റ് ഷോയില്‍ ഏവരും നായ്ക്കളെയും പൂച്ചകളെയും കൊണ്ടുവന്നപ്പോള്‍ ശേഖരന്‍ വ്യത്യസ്തനായി. ശേഖരനെ കണ്ടപ്പോള്‍ കുട്ടികളും അധ്യാപകരും കൗതുകത്തോടെ ഫലങ്ങള്‍ നല്‍കാനും തലോടാനുമായി തിരക്കുകൂട്ടി. അച്ഛന്‍ സുബീഷ് ടി.എസ്. െബംഗളൂരുവിലെ ക്ഷേത്രത്തിലെ ശാന്തിയാണ്. അമ്മ: ശരണ്യ.

കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ വിവിധയിനം അരുമകളെ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പെറ്റ് വാക്ക് മത്സരവും നടന്നു. നായ്ക്കളെയും പൂച്ചകളെയുമായി വിദ്യാര്‍ഥികള്‍ മത്സരത്തിനിറങ്ങി.