സംസ്ഥാനത്ത്  പെറ്റ് ഷോപ്പുകൾ പൂട്ടലിലേക്ക്; ഇതുവരെ അടച്ചത് മൂവായിരത്തോളം ഷോപ്പുകൾ

സംസ്ഥാനത്ത് മൃഗക്ഷേമ ബോർഡ് രൂപവത്കരിച്ചതോടെ പെറ്റ് ഷോപ്പ് നിയമങ്ങൾ കർശനമാക്കാൻ നടപടി . ഡോഗ് ബ്രീഡിങ്, മാർക്കറ്റിങ് എന്നിവ നടത്തുന്നവർ, പെറ്റ് ഷോപ്പ് ഉടമകൾ എന്നിവർ ബോർഡിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നതടക്കമുള്ള നിബന്ധനകളിൽ പ്രതിഷേധവുമായി അക്വേറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷനും രംഗത്തെത്തി.
 

കൊല്ലം:സംസ്ഥാനത്ത് മൃഗക്ഷേമ ബോർഡ് രൂപവത്കരിച്ചതോടെ പെറ്റ് ഷോപ്പ് നിയമങ്ങൾ കർശനമാക്കാൻ നടപടി . ഡോഗ് ബ്രീഡിങ്, മാർക്കറ്റിങ് എന്നിവ നടത്തുന്നവർ, പെറ്റ് ഷോപ്പ് ഉടമകൾ എന്നിവർ ബോർഡിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നതടക്കമുള്ള നിബന്ധനകളിൽ പ്രതിഷേധവുമായി അക്വേറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷനും രംഗത്തെത്തി.

കേന്ദ്ര മൃഗക്ഷേമബോർഡിന്റെ മാതൃകയിൽ സംസ്ഥാനത്തും മൃഗക്ഷേമബോർഡ് രൂപവത്കരിച്ചത് കഴിഞ്ഞദിവസമാണ്. മൃഗസംരക്ഷണവകുപ്പ് ഡയറക്ടറാണ് നിലവിൽ ബോർഡിന്റെ മെമ്പർ സെക്രട്ടറി. 2018-ൽ കേന്ദ്രം നിയമം കൊണ്ടുവന്നെങ്കിലും ചട്ടങ്ങൾക്ക് രൂപം നൽകി മൃഗക്ഷേമബോർഡ് രൂപവത്കരിക്കാൻ കാലതാമസമുണ്ടായിരുന്നു. ബോർഡ് നിലവിൽവന്നതോടെ നിയമം നടപ്പാക്കലും കർശനമാക്കി. രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ഇനിമുതൽ പെറ്റ് ഷോപ്പുകൾ നടത്താൻ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് അനുമതി ലഭിക്കൂ. പുതിയ ഷോപ്പുകൾ തുറക്കുന്നതിനും ഡോഗ് ബ്രീഡർ ആയി രജിസ്റ്റർ ചെയ്യുന്നതിനും മൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്നതിനും മൃഗസംരക്ഷവകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അയ്യായിരം രൂപ ഫീസായി അടയ്ക്കണം. നിലവിലെ പെറ്റ് ഷോപ്പുകളിൽ അരുമ മൃഗങ്ങൾക്കും പക്ഷികൾക്കുമായി നിശ്ചിത അളവിൽ സ്ഥലം ഉറപ്പാക്കണം.

അലങ്കാരമത്സ്യങ്ങൾക്കും ഇത് ബാധകമാണ്. പലതരം ജീവികളെ ഒരുമിച്ച് വളർത്താൻ പാടില്ല. ഒരു ഷോപ്പിലെ മൃഗങ്ങളുടെ ആരോഗ്യനില പരിശോധിക്കാൻ ഡോക്ടറുടെ സേവനം ഉറപ്പാക്കണം. വിദേശത്തുനിന്നടക്കം വാങ്ങുന്ന ജീവികൾക്ക് ക്വാറന്റീനും നിർബന്ധമാണ്. 18 വയസ്സിൽ താഴെയുള്ളവർക്ക് പെറ്റ് ഷോപ്പുകൾ നടത്താൻ അനുവാദമില്ല. അരുമകളെ പ്രായപൂർത്തിയാകാത്തവർക്ക് വിൽക്കുന്നതിനും വിലക്കുണ്ട്. വന്യജീവി സംരക്ഷണനിയമത്തിന്റെ പരിധിയിൽവരുന്ന ജീവികളെ വിൽക്കാനും വളർത്താനും പാടില്ലെന്ന് നിയമത്തിൽ പറയുന്നുണ്ട്.

എന്നാൽ നിയമങ്ങൾ നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾ പൂട്ടിയിടേണ്ട അവസ്ഥയുണ്ടാകുമെന്ന് അക്വേറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. വാടകക്കെട്ടിടങ്ങളിലാണ് നിലവിൽ ഷോപ്പുകളുടെ പ്രവർത്തനം. നിയമം പാലിച്ച്, ജീവികളെ പാർപ്പിക്കാൻ കൂടുതൽ സ്ഥലം വേണ്ടിവരും. വിഷയം കേന്ദ്രസർക്കാരിനുമുന്നിൽ അവതരിപ്പിച്ച് നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നുണ്ട്.