പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍

 

ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതര്‍ വിശദീകരിച്ചു.

 

2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചു. ഒന്നാം പ്രതി പീതാംബരന്‍, അഞ്ചാംപ്രതി ഗിജിന്‍ എന്നിവര്‍ക്കാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇരുവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതര്‍ വിശദീകരിച്ചു.

2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

കേസില്‍ പീതാംബരന്‍ ഉള്‍പ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 22 മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു കേസില്‍ ശിക്ഷ വിധിച്ചത്. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.