പെരിയ ഇരട്ടക്കൊലപാതക കേസ് ; പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ പരാതിയുമായി ശരത് ലാലിന്റെ കുടുംബം 

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ പരാതിയുമായി കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കാണും. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും കൊലപാതക ഗൂഢാലോചനയിൽ പങ്കാളികളായവരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തുടരന്വേഷണം വേണമെന്നും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു.

 

 കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ പരാതിയുമായി കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കാണും. പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും കൊലപാതക ഗൂഢാലോചനയിൽ പങ്കാളികളായവരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തുടരന്വേഷണം വേണമെന്നും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിലിറങ്ങുന്നതിനു തൊട്ടു മുമ്പാണ് കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത്.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികൾക്കാണ് പരോൾ. കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ള 10 പ്രതികൾക്കും പരോൾ അനുവദിച്ചു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ വീടുകളിലെത്തി. രണ്ടാം പ്രതി സജി, മൂന്നാം പ്രതി സുരേഷ്, ആറാം പ്രതി ശ്രീരാഗ്, എട്ടാം പ്രതി സുഭീഷ്, പത്താം പ്രതി രഞ്ജിത്ത് എന്നിവർ അടുത്ത ദിവസങ്ങളിൽ ജയിലിൽ നിന്ന് ഇറങ്ങും. ഇരുപത് ദിവസത്തേക്കാണ് പരോൾ.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്നും എൽ.‌ഡി.എഫ് സർക്കാർ ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. മുമ്പ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിൽ ഇത്തവണ പരോൾ വ്യവസ്ഥയിൽ അതില്ല. പ്രതികൾ നാട്ടിലെത്തിയാൽ സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് അവഗണിച്ചാണ് ജയിൽ ഉപദേശക സമിതി പ്രതികൾക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയത് എന്നാണ് ആക്ഷേപം.

2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നത്. കേസിൽ സുബീഷ്, സുരേന്ദ്രൻ ഉൾപ്പെടെ പത്ത് പ്രതികൾക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സി.പി.എം. പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പ്രതികളായ കേസിൽ 2022 ഏപ്രിൽ 27 നാണ് സാക്ഷിവിസ്താരം തുടങ്ങുകയും 22 മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷവിധിക്കുകയും ചെയ്തു. .10 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.