ഉത്തരേന്ത്യയില്‍ ജനം നേരിടുന്നത് യേശു നേരിട്ടതിനേക്കാള്‍ വലിയ സഹനമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍; വേദിയില്‍ തന്നെ മറുപടി നല്‍കി സുരേഷ് ഗോപി

ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങളാണ് ഉത്തരേന്ത്യയില്‍ നടക്കുന്നതെന്നായിരുന്നു കൗണ്‍സിലറായ കോണ്‍ഗ്രസ് നേതാവ് ബൈജു വര്‍ഗീസ് പരാമര്‍ശിച്ചത്

 

തൃശൂരിലെ റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലായിരുന്നു വിമര്‍ശനവും മറുപടിയും.

ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കോണ്‍ഗ്രസ് കൗണ്‍സിലറുടെ വിമര്‍ശനം. പിന്നാലെ കൗണ്‍സിലര്‍ക്ക് വേദിയില്‍ തന്നെ മറുപടി നല്‍കി സുരേഷ് ഗോപിയും രംഗത്തെത്തി. തൃശൂരിലെ റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലായിരുന്നു വിമര്‍ശനവും മറുപടിയും.

ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങളാണ് ഉത്തരേന്ത്യയില്‍ നടക്കുന്നതെന്നായിരുന്നു കൗണ്‍സിലറായ കോണ്‍ഗ്രസ് നേതാവ് ബൈജു വര്‍ഗീസ് പരാമര്‍ശിച്ചത്. നമ്മള്‍ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ ജനങ്ങള്‍ ക്രിസ്തുവിനെക്കാള്‍ വലിയ സഹനമാണ് അനുഭവിക്കുന്നത്. ഒരുപാട് സഹോദരിമാരും സഹോദരന്മാരും ബുദ്ധിമുട്ടുന്ന വാര്‍ത്ത നമ്മള്‍ കേള്‍ക്കുന്നു. സത്യത്തില്‍ ക്രിസ്തുവാണ് ഏറ്റവും വലിയ സഹനവും പ്രയാസവും നേരിട്ടതെന്നാണ് നമ്മള്‍ മനസിലാക്കിയിരിക്കുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട അമ്മമാരും സഹോദരങ്ങളുമാണ് ക്രിസ്തുവിനേക്കാള്‍ വലിയ സഹനം സഹിക്കുന്നത്. അതറിയുമ്പോള്‍ മനസ് പിടയും. അവര്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നായിരുന്നു ബൈജു വര്‍ഗീസ് പറഞ്ഞത്.

ബൈജു വര്‍ഗീസിന്റെ പരാമര്‍ശത്തിന് വേദിയില്‍തന്നെ കേന്ദ്രമന്ത്രി കയ്യോടെ മറുപടി നല്‍കി. ഉത്തരേന്ത്യയില്‍ നാടകം കാട്ടിക്കൂട്ടന്നവര്‍ ആരൊക്കെയാണെന്ന് കോണ്‍ഗ്രസുകാരോട് ചോദിക്കൂ. രാഷ്ട്രീയത്തിന് വേണ്ടിയുള്ള വക്ര പ്രവര്‍ത്തനങ്ങള്‍ എന്നും സുരേഷ്‌ഗോപി മറുപടി നല്‍കി. 'ഉത്തരേന്ത്യയില്‍ ആരാണ് ഈ നാടകമൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അതെന്തിന് വേണ്ടിയാണെന്നും കൗണ്‍സിലറുടെ പാര്‍ട്ടിക്കാരോട് തന്നെ ചോദിച്ചാല്‍ പറയും. ഇതെല്ലാം രാഷ്ട്രീയവത്കരണത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാവും. ആ കാരണം ആര് സൃഷ്ടിച്ചു. അതില്‍ ഗുണം കൊയ്യാമെന്ന് ആര് വിചാരിച്ചു. അവരുടെ വിക്രിയകള്‍ മാത്രമാണ്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ പ്രസംഗത്തെ വേദിയിലുണ്ടായിരുന്ന ബിജെപി നേതാവും നടനുമായ ദേവനും പിന്തുണച്ചു.