പട്ടുവം പഞ്ചായത്ത് കേരളോത്സവ വേദിയിൽ ജനപ്രതിനിധിയെ അപമാനിച്ച സംഭവം : നാട്ടിൽ പ്രകോപനം സൃഷ്ടിക്കാൻ ലീഗ് ശ്രമിക്കുന്നതായി സി.പി.എം
പട്ടുവം പഞ്ചായത്ത് കേരളോത്സവത്തിനിടെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി സുരേശന് ഹസ്തദാനം നൽകാതെ അപമാനിച്ച അരിയിൽ ഫുട്ബോൾ ടീം അംഗങ്ങളുടെ നടപടി സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി. വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
തളിപ്പറമ്പ് : പട്ടുവം പഞ്ചായത്ത് കേരളോത്സവത്തിനിടെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി സുരേശന് ഹസ്തദാനം നൽകാതെ അപമാനിച്ച അരിയിൽ ഫുട്ബോൾ ടീം അംഗങ്ങളുടെ നടപടി സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി. വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളോത്സവം പഞ്ചായത്തിന്റെ ഔദ്യോഗിക പരിപാടിയാണ്. മറ്റ് ജനപ്രതിനിധികൾക്കൊപ്പം സെമിഫൈനൽ മത്സരത്തിൽ കളിക്കാരെ പരിചയപ്പെടാനെത്തിയ പി.പി സുരേശനെ സി.പി.എം അംഗമാണെന്ന കാരണത്താൽ മുസ്ലിം ലീഗ് അനുഭാവികളായ താരങ്ങൾ കൈ നൽകാതെ പരസ്യമായി അപമാനിക്കുകയായിരുന്നുവെന്ന് ഏരിയാ കമ്മിറ്റി ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ബോധപൂർവമായ നീക്കത്തിന് തെളിവാണെന്നും നേതാക്കൾ പറഞ്ഞു.
അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിചേർക്കപ്പെട്ടയാളാണ് സുരേശനെന്നും കോടതിയുടെ പരിഗണനയിലുള്ള ആ കേസിന്റെ പേരിലാണ് കൈ നൽകാതിരുന്നതെന്നുമാണ് ലീഗ് കേന്ദ്രങ്ങളുടെ പ്രചാരണം. എന്നാൽ, 2012-ൽ അരിയിലിലുണ്ടായ ലീഗ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് 13 വർഷത്തോളം ശയ്യാവലംബിയായി കഴിഞ്ഞ് മരണത്തിന് കീഴടങ്ങിയ സി.പി.എം പ്രവർത്തകൻ വി. മോഹനന്റെ കാര്യവും ഇതോടൊപ്പം ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ സി.പി.എം ഒരിക്കലും പൊതുവേദികളിൽ ഇത്തരത്തിൽ പെരുമാറിയിട്ടില്ല. ഷുക്കൂർ കേസിൽ കോടതി വിധി വരാനിരിക്കെ, ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ലീഗ് ശ്രമിക്കുന്നത്. പ്രവർത്തകരുടെ ഇത്തരം അപക്വമായ പെരുമാറ്റങ്ങളെ തള്ളിപ്പറയാനും തിരുത്തിക്കാനും മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്നും സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എം കൃഷ്ണൻ, പി. മുകുന്ദൻ, ഏരിയാ കമ്മിറ്റി അംഗം ടി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.