സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത് പത്തനംതിട്ടയിൽ
സംസ്ഥാനത്ത് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത് പത്തനംതിട്ട ജില്ലയിൽ. ശരാശരിയെക്കാൾ കൂടുതൽ മഴ പത്തനംതിട്ട ജില്ലയിലാണ് ലഭിച്ചത്. 244.9 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് 256.7 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്.
പത്തനംതിട്ട: സംസ്ഥാനത്ത് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏറ്റവും കൂടുതൽ വേനൽ മഴ പെയ്തത് പത്തനംതിട്ട ജില്ലയിൽ. ശരാശരിയെക്കാൾ കൂടുതൽ മഴ പത്തനംതിട്ട ജില്ലയിലാണ് ലഭിച്ചത്. 244.9 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് 256.7 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ചാണിത്. മുപ്പതാം തിയതി ഉച്ചകഴിഞ്ഞ് പെയ്ത മഴയുടെ കണക്കുകൂടി ചേർത്താലിത് ഇനിയും വർധിക്കും.
കോഴിക്കോട് ജില്ലയിലും ശരാശരിക്കടുത്ത് മഴ ലഭിച്ചു. ഒമ്പത് ജില്ലകളിൽ 20 % മുതൽ 40 % വരെ മഴ കുറഞ്ഞു. ഇടുക്കി 61 %, മലപ്പുറം 71 %, പാലക്കാട് 74 % എന്നിങ്ങനെയാണ് മഴ കുറവ്. സംസ്ഥാനത്താകെ കഴിഞ്ഞ രണ്ടു മാസം 46 % കുറവ് മഴയാണ് ലഭിച്ചത്. ലക്ഷദ്വീപിൽ നാല് മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്. 44.5 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഇത്ര മഴ പെയ്തത്.
അതേസമയം, ഈ മാസം ഇന്ത്യയിലുടനീളം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.