ആശങ്ക...! പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് വീണ്ടും കടൽ അസാധാരണമായി പിൻവാങ്ങി 

പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് കടൽ വീണ്ടും അസാധാരണമായി പിൻവാങ്ങിയത് നാട്ടുകാരിൽ ആശങ്ക പരത്തുന്നു. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം ദൂരത്തേക്ക് കടൽ ഉൾവലിഞ്ഞതിനെ തുടർന്ന് വലിയൊരു പ്രദേശം

 

 മലപ്പുറം : പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് കടൽ വീണ്ടും അസാധാരണമായി പിൻവാങ്ങിയത് നാട്ടുകാരിൽ ആശങ്ക പരത്തുന്നു. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം ദൂരത്തേക്ക് കടൽ ഉൾവലിഞ്ഞതിനെ തുടർന്ന് വലിയൊരു പ്രദേശം വിശാലമായ നിലയിൽ പുറത്തുകാണാൻ തുടങ്ങി. സാധാരണയായി എപ്പോഴും വെള്ളത്തിനടിയിലായിരിക്കുന്ന ഭാഗങ്ങളും അടിത്തട്ടിലെ ചെളി നിറഞ്ഞ പ്രദേശങ്ങളുമാണ് ഇപ്പോൾ കരയോടടുത്ത് ദൃശ്യമാകുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പരപ്പനങ്ങാടി തീരത്ത് ഇത്തരത്തിലുള്ള പ്രതിഭാസം ആവർത്തിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ഭാഗത്തും സമാനമായ രീതിയിൽ കടൽ ഗണ്യമായി പിൻവാങ്ങിയിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഈ മാറ്റങ്ങൾ മത്സ്യത്തൊഴിലാളികളിലും തീരദേശവാസികളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കടലിന്റെ ഈ വിചിത്ര സ്വഭാവം തങ്ങളുടെ ഉപജീവന മാർഗമായ മത്സ്യബന്ധനത്തെ ബാധിക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാർ.

കടലിലെ ജലനിരപ്പിലുണ്ടാകുന്ന താത്കാലിക വ്യതിയാനങ്ങൾ, കാറ്റിന്റെയും തിരമാലകളുടെയും ശക്തിയിലുള്ള മാറ്റങ്ങൾ, അന്തരീക്ഷ-സമുദ്ര താപനിലയിലെ വ്യതിയാനങ്ങൾ എന്നിവയാണ് സാധാരണയായി ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണമാകാറുള്ളത്. സുനാമി പോലുള്ള വലിയ ദുരന്തങ്ങളുടെ സൂചനയായി ഇതിനെ കാണാനാകില്ലെങ്കിലും, അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നിരീക്ഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.