പാപ്പനംകോട് തീപിടിത്തം ; ബിനു വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയെന്ന് സംശയം

വൈഷ്ണ ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു.
 

പാപ്പനംകോട് തീപിടിത്തത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ്. വൈരാഗ്യത്തില്‍, ഒപ്പം താമസിക്കുന്ന ബിനു വൈഷ്ണയെ കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്‌തെന്നാണ് സംശയം. വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫീസില്‍ കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയെ കുത്തിയശേഷം ബിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. പൊള്ളലേറ്റ് മരിച്ച ഓഫീസ് ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിന് സമീപം താമസിക്കുന്ന വിഎസ് വൈഷ്ണ ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു.

തീപിടിത്തത്തില്‍ മരിച്ച പുരുഷന്‍ ഇവരോടൊപ്പം താമസിക്കുന്ന ബിനു കുമാര്‍ ആണോയെന്നാണ് സംശയം. ഇതിനായി ഡിഎന്‍എ പരിശോധന നടത്തും. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാല് വര്‍ഷം മുന്‍പാണ് പള്ളിച്ചല്‍ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയില്‍ ബിനുകുമാര്‍ താമസം ആരംഭിച്ചത്. ബിനു ഉപദ്രവിക്കുന്നത് പതിവായതോടെ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആറുമാസം മുന്‍പ് മേനം പൊലീസില്‍ വൈഷ്ണ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചത്.

സംഭവത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന സംശയത്തില്‍ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിരുന്നു. തീപിടിത്തത്തിന് മുമ്പ് ഓഫീസില്‍ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നയാള്‍ പ്രതികരിച്ചിരുന്നു. രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് ഇന്ന് തീപിടിത്തമുണ്ടായത്. ഓഫീസ് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു.