പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി
പ്രായമായവർ, രോഗത്തിന്റെ ഭാഗമായി കിടപ്പിലായവർ എന്നിവരെ ഒരുതരത്തിലുള്ള ഭേദങ്ങളുമില്ലാതെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവർ, രോഗത്തിന്റെ ഭാഗമായി കിടപ്പിലായവർ എന്നിവരെ ഒരുതരത്തിലുള്ള ഭേദങ്ങളുമില്ലാതെ ഉൾക്കൊള്ളുന്ന പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുക. ആരോഗ്യം, സാമൂഹ്യനീതി വകുപ്പുകളുടെ സഹായം ഉറപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള ആരും ഒഴിവാകാൻ പാടില്ലെന്നും എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിലും സംവിധാനങ്ങളുണ്ട്. ഇതിന്റെ ഭാഗമായി സന്നദ്ധപ്രവർത്തകരുമുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാ പാലിയേറ്റീവ് കെയർ സംവിധാനങ്ങളെയും ഒരുമിപ്പിക്കാനുള്ള രൂപരേഖ തയ്യറാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലാ കലക്ടറും പ്രദേശിക തലങ്ങളിൽ തദ്ദേശസ്ഥാപന മേധാവികളും നേതൃത്വം വഹിക്കണം.
ഇത്തരം സ്ഥാപനങ്ങളുടെയും വളണ്ടിയർമാരുടെയും രജിസ്ട്രേഷൻ തദ്ദേശ സ്വയംഭരണ തലത്തിൽ നടത്തും. രജിസ്ട്രേഷനിൽ പരാതി ഉണ്ടെങ്കിൽ പരിഹരിക്കാൻ അപ്പലറ്റ് സംവിധാനം ഏർപ്പെടുത്തും. വളണ്ടിയർമാർക്കും നഴ്സുമാർക്കും പരിശീലനം നൽകും. തദ്ദേശ സ്ഥാപന മേധാവികളുടെ യോഗം നടത്തി കാര്യങ്ങൾ അവതരിപ്പിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പ്രധാന ചാരിറ്റി സംരംഭകരുടെയും യോഗം നടത്തും.
യോഗത്തിൽ മന്ത്രിമാരായ കെ. എൻ ബാലഗോപാൽ, എം ബി രാജേഷ്, വീണാ ജോർജ്ജ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ പുനീത്കുമാർ, രാജൻ ഖൊബ്രഗഡെ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എം എബ്രഹാം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.