പാലക്കാട് കള്ളുവേലിയില്‍ പകല്‍ സമയത്ത് കടുവ സാന്നിധ്യം 

കള്ളുവേലി ബിനോയിയുടെ തോട്ടത്തിലെ തൊഴിലാളികളാണ് കടുവയെ കണ്ടത്.

 


പാലക്കാട്: വടക്കഞ്ചേരി മംഗലംഡാം പൊന്‍കണ്ടം കള്ളുവേലിയില്‍ പകല്‍ സമയത്ത് കടുവയെ കണ്ടത് ഭീതി പരത്തി. കള്ളുവേലി ബിനോയിയുടെ തോട്ടത്തിലെ തൊഴിലാളികളാണ് കടുവയെ കണ്ടത്. തോട്ടത്തില്‍ കാട് വെട്ടി കൊണ്ടിരുന്ന കവളുപാറ ആദിവാസി ഉന്നതിയിലെ ബാബുവും ഭാര്യ ഗീതയും മഴ പെയ്തപ്പോള്‍ മിഷ്യന്‍ പുരയിലേക്ക് കയറി നിന്നു. 

ഈ സമയത്ത് എതിര്‍വശത്തെ കാട് പിടിച്ചു കിടക്കുന്ന പറമ്പില്‍ പുല്ല് അനങ്ങുന്നത് കണ്ട് നോക്കിയപ്പോഴാണ് താഴേക്ക് ഇറങ്ങി വരുന്ന കടുവയെ കണ്ടത്. ഇവര്‍ ഒച്ചയിട്ടതിനെ തുടര്‍ന്ന് കടുവ തിരിഞ്ഞു പോയെന്നും നല്ല വലിപ്പമുള്ള കടുവയാണെന്നും ബാബു പറഞ്ഞു. തോട്ടമുടമ ബിനോയ് അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കടുവയെ കണ്ടെന്ന് പറഞ്ഞ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ പരിശോധന നടത്തി. കാടിനുള്ളില്‍ കാല്‍പ്പാടുകളും രണ്ടാഴ്ചയിലധികം പഴക്കമുള്ള മാനിന്റേതിന് സമാനമായ എല്ലുകളും മറ്റും കണ്ടതായി ഫോറസ്റ്റ് കാരോടൊപ്പം പോയ ബിനോയ് യും ബാബുവും പറഞ്ഞു.

ജനവാസ മേഖലയില്‍ കടുവയെ കണ്ടത് ഗൗരവത്തിലെടുക്കണമെന്നും ജനങ്ങളുടെ ഭീതിയകറ്റാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നും സ്ഥലത്തെത്തിയ വാര്‍ഡ് മെംബര്‍ അച്ചാമ്മ ജോസഫ് പറഞ്ഞു.
 കാട് മൂടി കിടക്കുന്ന പറമ്പിന്റെ ഉടമകളോട് അടിയന്തരമായി കാട് വെട്ടി തെളിക്കാന്‍ നിര്‍ദ്ദേശിച്ചതായും പ്രദേശവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതായും മംഗലംഡാം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ കെ. എ. മുഹമ്മദ് ഹാഷിം അറിയിച്ചു. മേഖലയില്‍ പട്രോളിംഗ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.