പാലക്കാട് എലപ്പുള്ളിയിൽ സർക്കാരിന് തിരിച്ചടി ; ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിനായി ഒയാസിസ് കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയ അനുമതി കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങൾ നിയമവിരുദ്ധവും ചട്ടങ്ങൾ പാലിക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് സർക്കാരിന് വേണമെങ്കിൽ പുതിയ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിലവിലെ വിധി സർക്കാരിനും എക്സൈസ് വകുപ്പിനും വലിയ തിരിച്ചടിയാണ്.
നാട്ടുകാരുടെ പ്രതിഷേധം വിജയിക്കുന്നു ജലക്ഷാമം അതീവ രൂക്ഷമായ എലപ്പുള്ളിയിൽ ബ്രൂവറി വരുന്നത് കൃഷിയെയും കുടിവെള്ളത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ വലിയ സമരത്തിലായിരുന്നു. എലപ്പുള്ളി ഗ്രാമപഞ്ചായത്തും സ്പെഷ്യൽ ഗ്രാമസഭകളും പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഭക്ഷ്യസുരക്ഷയെയും പരിസ്ഥിതിയെയും ബാധിക്കുന്ന പദ്ധതിക്ക് അനുമതി നൽകുന്നത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു പ്രധാന വിമർശനം. 26 ഏക്കറോളം സ്ഥലം വാങ്ങി പ്ലാന്റ് തുടങ്ങാനിരുന്ന കമ്പനിക്ക് കോടതി വിധി തിരിച്ചടിയായി.
ഇടതുമുന്നണിയിലെ ‘വിള്ളൽ’ മറനീക്കി പുറത്ത് സർക്കാരിന്റെ ഈ നീക്കത്തിനെതിരെ എൽ.ഡി.എഫിൽ തന്നെ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. സി.പി.ഐയും ആർ.ജെ.ഡിയും പദ്ധതിയെ പരസ്യമായി എതിർത്തിരുന്നു. എലപ്പുള്ളിയിലെ പദ്ധതി നിഗൂഢമാണെന്നും മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് സർക്കാർ അനുമതി നൽകിയതെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം നേരത്തെ തുറന്നടിച്ചിരുന്നു. കുടിവെള്ള പ്രശ്നമുണ്ടാകില്ലെന്ന എക്സൈസിന്റെയും കമ്പനിയുടെയും വാദം കള്ളമാണെന്ന് സി.പി.ഐ നടത്തിയ പഠനത്തിൽ വ്യക്തമായതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.