കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ
പാലക്കാട് : വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതിക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കൊലപാതകത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് കടുത്ത ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും മനുഷ്യജീവന് വില കൽപ്പിക്കാത്ത ഇത്തരം സംഭവങ്ങൾ ആധുനിക സമൂഹത്തിന് നാണക്കേടാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വാളയാർ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് പുലർച്ചെ ബന്ധുക്കൾ ഏറ്റുവാങ്ങി. സർക്കാർ ചെലവിൽ മൃതദേഹം ഇന്ന് തന്നെ വിമാനമാർഗം ഛത്തീസ്ഗഡിലെ ജന്മനാട്ടിലെത്തിക്കും. കുടുംബത്തിനുള്ള നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ മന്ത്രിസഭായോഗം ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) നാളെ അപേക്ഷ സമർപ്പിക്കും. നിലവിൽ കസ്റ്റഡിയിലുള്ള പ്രദേശവാസികൾക്ക് അക്രമത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ഇതിനോടകം അട്ടപ്പള്ളത്തെത്തി വീണ്ടും മൊഴിയെടുത്ത അന്വേഷണസംഘം, പ്രതികൾക്കായി തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.