പാലക്കാട് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസില്‍ ലോറിയിടിച്ച് 12 പേര്‍ക്ക് പരുക്ക്
ദേശീയപാതയില്‍ ബസിന് പിറകില്‍ ലോറിയിടിച്ച് 12 പേര്‍ക്ക് പരുക്കേറ്റു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യബസിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു.
പാലക്കാട്: ദേശീയപാതയില്‍ ബസിന് പിറകില്‍ ലോറിയിടിച്ച് 12 പേര്‍ക്ക് പരുക്കേറ്റു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യബസിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ ഉണ്ടായ അപകടത്തില്‍ അഞ്ചുമൂര്‍ത്തി മംഗലം പറക്കുന്നം കിഴക്കേത്തറ ചന്തപ്പുര സി.എ. മുഹമ്മദ് സഫിന്‍ (16), വേണാട്ട് കളപറമ്പ് വീട്ടില്‍ കമലം (48), അഞ്ചുമൂര്‍ത്തിമംഗലം കൃഷ്ണന്‍ ( 60 ), നൈപുള്ളം നൂര്‍ജഹാന്‍ (50), അഞ്ചുമൂര്‍ത്തി മായ (35), ആലത്തൂര്‍ പഴയ പോസ്റ്റ് ഓഫീസ് റോഡില്‍ ഇദ്ദിരീസ് അഹമ്മദ് (21), മംഗലം ഐ.ടി.സി കാവുപറമ്പ് കൃഷ്ണകുമാരി (40 ), അഞ്ചുമൂര്‍ത്തി മംഗലം വേണാട്ട് കളപറമ്പ് ദേവകി (46), തരൂര്‍ പ്ലാക്കല്‍ വീട്ടില്‍ അമ്മുക്കുട്ടി (53), ആലത്തൂര്‍ ചീനിക്കോട് വെള്ളിയൂര്‍ സൂരജ് (24), തമിഴ്‌നാട് അരിയ്യല്ലൂര്‍ പ്രഭാകരന്‍ (60), മുടപ്പല്ലൂര്‍ ലക്ഷ്മി കാന്ത് (52) എന്നിവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മുഹമ്മദ് സഫിന്റെ പരിക്ക് സാരമുള്ളതാണ്.
പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ധനഞ്ജയ ബസ്, ആളെ ഇറക്കുന്നതിനായി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍, പിന്നാലെ അമിതവേഗതയിലെത്തിയ ചരക്ക് ലോറി ബസിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സും ലോറിയും സര്‍വീസ് റോഡില്‍ എത്തിയാണ് നിന്നത്. ലോറി റോഡിന്റെ നടുവില്‍ ഉള്ള ഡിവൈഡര്‍ മുറിച്ചു കടന്ന് പോയി മറുവശത്തെത്തി.
ബസിന് പിറകിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ഡോറില്‍ നിന്നവര്‍ക്കും ആണ് പരുക്കേറ്റത്. ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും അഗ്‌നി രക്ഷാസേനയും വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.