പാലക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം
പട്ടാമ്പി വാടാനാംകുറുശ്ശിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ പൊയിലൂർ സ്വദേശി തഴത്തെതിൽ മുഹമ്മദലിയുടെ മകൻ 21 വയസുകാരനായ അമീനാണ് മരിച്ചത്.
Jan 16, 2025, 14:45 IST
പാലക്കാട് : പട്ടാമ്പി വാടാനാംകുറുശ്ശിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ പൊയിലൂർ സ്വദേശി തഴത്തെതിൽ മുഹമ്മദലിയുടെ മകൻ 21 വയസുകാരനായ അമീനാണ് മരിച്ചത്. പട്ടാമ്പി കുളപ്പുള്ളി പാതയിൽ വാടാനംകുറുശ്ശി വില്ലേജ് പരിസരത്ത് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്.
വാടാനംകുറുശ്ശിയിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഓങ്ങല്ലൂരിലെ പലചരക്ക് കടയിലെ ജീവനക്കാരനാണ് അമീൻ. രാവിലെ കടയിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.
പരുക്കേറ്റ അമീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.