പാലക്കാട് പത്ര ഏജന്റിന് നേരെ കരടിയുടെ ആക്രമണശ്രമം

നെന്മാറയിൽ ബൈക്കിൽ പത്രവിതരണത്തിനായി പോവുകയായിരുന്ന പത്ര ഏജന്റിനെ കരടി ഓടിച്ചു. പുലർച്ചെ നാലരയോടെ ചേരുംകാട് ഭാഗത്താണ് സംഭവം നടന്നത്.

 

 പാലക്കാട് : നെന്മാറയിൽ ബൈക്കിൽ പത്രവിതരണത്തിനായി പോവുകയായിരുന്ന പത്ര ഏജന്റിനെ കരടി ഓടിച്ചു. പുലർച്ചെ നാലരയോടെ ചേരുംകാട് ഭാഗത്താണ് സംഭവം നടന്നത്. പ്രമുഖ മാധ്യമത്തിൻ്റെ ഏജന്റായ അയർപള്ളം സ്വദേശി കലാധരനാണ് കരടിയുടെ മുന്നിൽപ്പെട്ടത്. അളുവശ്ശേരി നെല്ലിച്ചോട് കനാൽ റോഡിലൂടെ നെന്മാറയിലേക്ക് പത്രമെടുക്കാൻ സഞ്ചരിക്കുകയായിരുന്ന കലാധരന്റെ ബൈക്കിന് പിന്നാലെ ഏകദേശം നൂറുമീറ്ററോളം ദൂരം കരടി ഓടിയെത്തുകയായിരുന്നു.

പിന്നീട് കലാധരൻ പന്തികേട് കണ്ട് അതുവഴിയെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറോട് കരടിയുള്ള കാര്യം വിളിച്ചുപറഞ്ഞ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഓട്ടോയിലുണ്ടായിരുന്നവരും പിന്നീട് ഈ കരടിയെ നേരിൽ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിത്തനശ്ശേരി ഭാഗത്തും കരടിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നതിനാൽ പ്രദേശവാസികളും യാത്രക്കാരും കനത്ത ആശങ്കയിലാണ്.