പാലക്കാട് കാർ തലകീഴായി മറിഞ്ഞ് അപകടം ; ദമ്പതികൾക്ക് പരിക്ക്
പാലക്കാട്: മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് റോഡിലെ കുഴി കണ്ട് കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പിന്നിൽ മീൻ ലോറിയിടിച്ച് കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്, ഭാര്യ സവിത എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.20ഓടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം.
മണികണ്ഠ പ്രസാദും സവിതയും കാറിൽ വടക്കഞ്ചേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്ത് എത്തിയപ്പോൾ റോഡിൽ വലിയൊരു കുഴി ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. അപകടം ഒഴിവാക്കാനായി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടി കാർ നിർത്തി. എന്നാൽ, തൊട്ടുപിന്നാലെ ഇതേ ദിശയിൽ വരികയായിരുന്ന മീൻ കയറ്റിയ മിനിലോറി കാറിന്റെ പിൻഭാഗത്തേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ റോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തിൽ കാറിലുണ്ടായിരുന്ന ദമ്പതികൾക്കും പരിക്കേറ്റെങ്കിലും, പരിക്ക് ഗുരുതരമല്ല.