ധോണിക്ക് ഇനി നല്ല നടപ്പ്

വനംവകുപ്പിന്റെ ധോണിയിലെ സെക്ഷന്‍ ഓഫീസ് വളപ്പില്‍ നിര്‍മിച്ച മരക്കൂട്ടില്‍ കയറിയതിന്റെ പരിഭ്രമം നല്ലോണമുണ്ട് പി.ടി. സെവന്. കാലുകൊണ്ട് കൂടിന്റെ വശങ്ങളില്‍ ഇടിച്ച് കാട്ടിലും നാട്ടിലും മദിച്ചുനടന്ന
 

പാലക്കാട്: വനംവകുപ്പിന്റെ ധോണിയിലെ സെക്ഷന്‍ ഓഫീസ് വളപ്പില്‍ നിര്‍മിച്ച മരക്കൂട്ടില്‍ കയറിയതിന്റെ പരിഭ്രമം നല്ലോണമുണ്ട് പി.ടി. സെവന്. കാലുകൊണ്ട് കൂടിന്റെ വശങ്ങളില്‍ ഇടിച്ച് കാട്ടിലും നാട്ടിലും മദിച്ചുനടന്ന സ്വാതന്ത്ര്യം ഇല്ലാതാക്കിയതിനോട് ആന പ്രതിഷേധിക്കുന്നുണ്ട്. 

ഇനി ധോണി എന്ന് അറിയപ്പെടാന്‍ പോകുന്ന കാട്ടുകൊമ്പന് നല്ലനടപ്പിന്റെ നാളുകളാണ് വരാനിരിക്കുന്നത്.
അടുത്ത 24 മണിക്കൂര്‍ പി.ടി.7നെ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കും. അടുത്ത മൂന്നുമാസത്തേക്ക് കൂട്ടിന് പുറത്തിറക്കില്ല. നാല് നേരം പ്രത്യേകം മെനുവനുസരിച്ചുള്ള ഭക്ഷണവും മരുന്നു നല്‍കും. 

ശര്‍ക്കര, റാഗി, മുതിര, ചോറ് എന്നിവയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം കുങ്കിയാനയാകാനുള്ള പരിശീലനം തുടങ്ങും. മനുഷ്യനുമായി ഇണക്കാന്‍ പരിശീലനം ലഭിച്ച പാപ്പാനെ നിയോഗിക്കും.

ആനയെ ധോണിയില്‍ തന്നെ പരിശീലിപ്പിക്കാനാണ് ധാരണ. കോന്നിയിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 140 യൂക്കാലിപ്‌സ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച കൂട് നാലുവര്‍ഷം വരെ ഉപയോഗിക്കാന്‍ ഉറപ്പുണ്ടെന്നാണ് പറയുന്നത്. പി.ടി 7ന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. അരുണ്‍ സക്കറിയ വ്യക്തമാക്കി.

എത്ര വലിയ പടക്കം പൊട്ടിച്ചാലും കൂസലില്ലാതെ നില്‍ക്കലും ടോര്‍ച്ചടിച്ചാല്‍ വെളിച്ചം കണ്ടിടത്തേക്ക് ഓടിയടുക്കുന്നതുമാണ് പി.ടി. 7ന്റെ പ്രകൃതം. അതുകൊണ്ടുതന്നെ പി.ടി. 7 ഇറങ്ങിയാല്‍ നാടിന് പേടിയായിരുന്നു. ഇന്നലെ മയക്കുവെടിയേറ്റ് പാതിമയക്കത്തിലാക്കിയിട്ടും കുങ്കിയാനകളോട് കൊമ്പ് കോര്‍ക്കാന്‍ പി.ടി. 7 ശ്രമിച്ചു. വാഹനത്തില്‍ കയറ്റാനുള്ള ശ്രമത്തിനിടെ സുരേന്ദ്രന്‍ എന്ന കുങ്കിയുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കാനായിരുന്നു ശ്രമം. വണ്ടിയില്‍ കയറ്റാനുള്ള ആദ്യശ്രമം പരാജയപ്പെട്ടതോടെ വിക്രമിന്റെയും ഭരത്തിന്റെയും സഹായത്തോടുകൂടിയാണ് പിന്നീട് കയറ്റിയത്.