'വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, നല്ലൊരു പര്യവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ': തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
'വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്, നല്ലൊരു പര്യവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ': തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കാര്യങ്ങളൊക്കെ നേരെയാവണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ചിന്താഗതിയുള്ള ആരും ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്'.
കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങളില്‍ നല്ലൊരു പര്യവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഒരുപാട് കാറും കോളുമൊക്കെ കണ്ടിട്ടുള്ളതാണ്. അതെല്ലാം ശാന്തമായി തീര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളും തീരുമെന്നാണ് പ്രതീക്ഷ. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുതന്നെ പരസ്യ പ്രസ്താവനകളും ഉണ്ടാകും. ഇവിടെ തീരേണ്ടത് ഇവിടെ തീരും. ഡല്‍ഹിയില്‍ തീര്‍ക്കേണ്ടത് ഡല്‍ഹിയില്‍ തീര്‍ക്കും എന്നുതന്നെയാണ് വിശ്വാസം. താന്‍ ഒരു ഭാഗം പിടിച്ചു പറയാന്‍ ശ്രമിക്കുന്നില്ലെന്നും അഭിപ്രായം പറയേണ്ട സ്ഥലത്ത് പറയുക എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. കാര്യങ്ങളൊക്കെ നേരെയാവണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് പ്രതികരിക്കേണ്ട സാഹചര്യമുണ്ടായല്ലോ എന്ന ചോദ്യത്തിന് തിരുവഞ്ചൂരിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'ഉമ്മന്‍ചാണ്ടി ഞങ്ങളെ സംബന്ധിച്ച് എല്ലാമെല്ലാമാണ്. ചെറിയ പ്രായം മുതല്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. സഹോദരങ്ങളേക്കാള്‍ അടുത്ത ബന്ധമുണ്ട്. ഇപ്പോള്‍ നടക്കുന്നതില്‍ എന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്. എല്ലാത്തിനും അവസാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ ചിന്താഗതിയുള്ള ആരും ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്'.
അധികാരത്തില്‍ കൊണ്ടുവന്ന കേരള ജനതയുടെ ആകെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തിരുവഞ്ചൂര്‍ ഓര്‍മിപ്പിച്ചു. ആ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സഹായകരമായ നിലപാടുകള്‍ എല്ലാവരും എടുക്കും എന്നാണ് പ്രതീക്ഷ. സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് താന്‍ കെപിസിസി അച്ചടക്ക സമിതിയിലെ സ്ഥാനം ഒഴിഞ്ഞതാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.