സംസ്ഥാന സർക്കാരിൻ്റെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ശരിവെച്ചുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം: പി. സന്തോഷ് കുമാർ എം.പി
സ്വകാര്യ ആശുപത്രികളുടെ കടിഞ്ഞാൺ ഇല്ലാത്ത ബില്ലിനെ നിയന്ത്രിക്കുന്നതിനുവേണ്ടി സർക്കാർ കൊണ്ടുവന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമത്തെ ഹൈക്കോടതി സാധൂകരിച്ചത് സ്വാഗതാർഹമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്കുമാർ പ്രസ്താവനയിൽ പറഞ്ഞു. ഈ നിയമത്തിനെതിരെ സ്വകാര്യ ആശുപത്രികളുടെ സംഘടനയും ഐഎംഎയും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കണ്ണൂർ : സ്വകാര്യ ആശുപത്രികളുടെ കടിഞ്ഞാൺ ഇല്ലാത്ത ബില്ലിനെ നിയന്ത്രിക്കുന്നതിനുവേണ്ടി സർക്കാർ കൊണ്ടുവന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമത്തെ ഹൈക്കോടതി സാധൂകരിച്ചത് സ്വാഗതാർഹമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്കുമാർ പ്രസ്താവനയിൽ പറഞ്ഞു. ഈ നിയമത്തിനെതിരെ സ്വകാര്യ ആശുപത്രികളുടെ സംഘടനയും ഐഎംഎയും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ കേസിൽ സിംഗിൾ ബെഞ്ച് അവർക്ക് അനുകൂലമായി താൽക്കാലിക സ്റ്റേ കൊടുത്തിരുന്നുവെങ്കിലും ഡിവിഷൻ ബെഞ്ച് നീക്കം ചെയ്യുകയും സർക്കാരിന്റെ നിയമത്തെ സാധൂകരിക്കുകയും അതിനെ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. മുൻകൂറായി പണം അടയ്ക്കാത്തതിന്റെപേരിൽ ജീവൻരക്ഷിക്കാനുള്ള ചികിത്സ നിഷേധിക്കരുതെന്നും അടിയന്തരഘട്ടങ്ങളിൽ ഓരോ ആശുപത്രിയും സൗകര്യത്തിനനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണമെന്നും ചികിത്സാ നിരക്ക് ആശുപത്രികളിൽ പ്രദർശിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
കേസ് നടക്കുന്ന കാലത്തുള്ള പിഴ ഒഴിവാക്കി കൊടുത്തത് സിംഗിൾ ബെഞ്ചിന്റെ സ്റ്റേ കൊടുത്തതുകൊണ്ട് മാത്രമാണ് എന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞിരിക്കുന്നതെന്നും സി പി സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി.
നേരത്തെ, 25-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി കണ്ണൂരിൽ നടന്ന സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളനം ഈ വിഷയത്തിൽ
പ്രമേയം പാസാക്കിയിരുന്നു. പല സ്വകാര്യ ആശുപത്രികളിലും നടക്കുന്ന അമിതമായ ചൂഷണത്തിന്റെ അനുഭവ കഥകളും മറ്റും ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിഷയം സമ്മേളനം ചർച്ചയ്ക്കെടുത്തതും പ്രമേയമായി അംഗീകരിച്ചതും. മാസങ്ങൾക്ക് മുമ്പ് കണ്ണൂർ ജില്ലാ ആശുപതിയുടെ കെട്ടിടോദ്ഘാടനം നിർവഹിക്കാനെത്തിയപ്പോൾ ഈ വിഷയത്തിൽ ബഹു. മുഖ്യമന്ത്രി നടത്തിയ പ്രസക്തമായ പ്രസംഗം ഫലവത്താകുന്ന വിധത്തിലുള്ളതാണ് കോടതിയുടെ പരാമർശം.പ്രസക്തവും കാലികവുമായ ഒരു വിഷയമാണ് സിപിഐ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്തതും പ്രമേയമായി അവതരിപ്പിച്ചതും എന്നത് ഏറെ അഭിമാനകരമായി കരുതുന്നുവെന്നും ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.