കതിരൂരില്‍ പി.ജയരാജന്റെ ചിത്രമവുമായി കലശമെഴുന്നെളിപ്പ് വിവാദമാവുന്നു, പാര്‍ട്ടി നേതൃത്വം അന്വേഷണമാരംഭിച്ചു   

കണ്ണൂര്‍ ജില്ലയിലെ സി.പി. എമ്മില്‍ വീണ്ടും വ്യക്തിപൂജാവിവാദം. സംഭവത്തെ കുറിച്ചു പാര്‍ട്ടി ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചു
 

കണ്ണൂര്‍:കണ്ണൂര്‍ ജില്ലയിലെ സി.പി. എമ്മില്‍ വീണ്ടും വ്യക്തിപൂജാവിവാദം. സംഭവത്തെ കുറിച്ചു പാര്‍ട്ടി ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചു. 
  പാര്‍ട്ടി ശക്തി കേന്ദ്രമായ കതിരൂര്‍  പഞ്ചയത്തിലെ പുല്യോട് സി. എച്ച് നഗറിനടുത്തെ  കൂരുംബക്കാവിലാണ് സംഭവം. പാര്‍ട്ടി ശക്തി കേന്ദ്രമായ പാട്യം നഗറിലെ സഖാക്കളാണ് സി.പി. എം സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്റെ ചിത്രവും ചെങ്കൊടിയുമായി കലശമെഴുന്നെളളിപ്പ് നടത്തിയത്. 

കഴിഞ്ഞ മാര്‍ച്ച് 12,13,14തീയ്യതികളിലാണ് പുല്യോട് കുരുംബക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്‌സവം നടന്നത്. ഇതില്‍ പതിമൂന്നാം തീയ്യതിയാണ് വിവിധ ദേശങ്ങളില്‍ നിന്നുളള കലശമെഴുന്നെളളിപ്പും കാഴ്ച്ചവരവും കാവിലേക്ക് നടന്നത്. ഇതില്‍ പാട്യം നഗറില്‍ നിന്നെടുത്ത കലശത്തിലാണ് സി.പി. എം കൊടിയൊടൊപ്പം പി.ജയരാജന്റെ കറങ്ങുന്ന ചിത്രവും വെച്ചുളള അടിപൊളി കലശമെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സി.പി. എം ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്. 

വിശ്വാസം രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നു സി.പി. എംകണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സംഭവത്തെ തളളിപറഞ്ഞപാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പി.ജയരാജനെ ആരാധിക്കുന്ന പി.ജെ. ആര്‍മിയുമയി ബന്ധമുളള പ്രവര്‍ത്തകരാണ് കലശമെഴുന്നെളളിപ്പിന് പിന്നിലെന്നാണ് പാര്‍ട്ടിക്കുളളില്‍ നിന്നുളള വിവരം. 

സി.പി.എംജില്ലാസെക്രട്ടറിയേറ്റംഗവും റബ്‌കോ ചെയര്‍മാനുമായി കാരായി രാജന്റെ വീടു നില്‍ക്കുന്ന സ്ഥലം കൂടിയാണ് പുല്യോട്.സി.പി. എം ശക്തി കേന്ദ്രമായതിനാല്‍ ഇവിടേക്ക് ഇതരപാര്‍ട്ടിക്കാര്‍ കലശമെഴുന്നെളളിപ്പോ മറ്റു പരിപാടികളില്‍ പങ്കാളിത്തമോയെടുക്കാറില്ല.